
കോഴിക്കോട്: ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്ലിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻ കുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന് ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണ്. മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാട്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വൺ സീറ്റ് -പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടുന്നുണ്ട്. മലബാറിനോട് അവഗണന ഇല്ല. പതിനാറാം തിയതിയ്ക്ക് ശേഷം എയിഡഡ് മാനേജ്മെന്റിന് അധിക സീറ്റ് അനുവദിക്കും. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവിനനുസരിച്ചാകും ഇത്. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്തു വരിക എന്നത് രാഷ്ട്രീയ ലക്ഷ്യമാണ്. വിദ്യാർഥികളുടെ പ്രശ്നത്തിൽ രാഷ്ട്രീയം കാണരുത്. പ്രശ്നം പരിഹരിക്കപ്പെടും. പ്ലസ് ടു സീറ്റ് വിഷയം ശാശ്വത പരിഹാരം വേണമെന്നും 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.
രാവിലെ 9.30 തിന് പാണക്കാടാണ് യോഗം. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam