'അപാകതകള്‍ പരിഹരിക്കണം'; തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

By Web TeamFirst Published Oct 29, 2021, 7:53 PM IST
Highlights

ഡ്യൂട്ടി എടുക്കാതെ ചിലർ മാറിനിൽക്കുന്നത് അടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് യോഗം. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ (Thiruvannathapuram Medical College) കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) മെഡിക്കല്‍ കോളേജ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്. മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രിയില്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് യോഗം വിളിച്ചത്.

ഡ്യൂട്ടിയെടുക്കാതെ ചിലര്‍ മാറി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിര്‍ദേശം നല്‍കി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. ഇവര്‍ ഡ്യൂട്ടിയെടുക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

click me!