മത്തി കഴിച്ച പൂച്ചകള്‍ ചത്തു, മീന്‍കറി കൂട്ടിയവര്‍ക്ക് വയറുവേദന; മീനില്‍ ചേര്‍ക്കുന്നതെന്ത്? ഇടപെട്ട് മന്ത്രി

By Web TeamFirst Published Apr 17, 2022, 6:09 PM IST
Highlights

നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: മീനില്‍ ചേര്‍ക്കുന്ന മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ (Food Security) പരിശോധന ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George) ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതും വലിയ ആശങ്കയായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.  നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെതന്നെ പ്രദേശത്ത് പരിശോധന നടത്തി. ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ ആറ് വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണ് മത്സ്യസാമ്പിളുകള്‍ ശേഖരിച്ചത്.

തൂക്കുപാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് അവര്‍ സ്ഥലത്തെ വെറ്റിറിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവില്‍ തന്നെ മത്തി മീന്‍ കഴിച്ച് പൂച്ച ചത്തതായി അയല്‍വാസികളില്‍ ഒരാളും പരാതിപ്പെട്ടു.

ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സര്‍ജന്‍ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്നങ്ങള്‍: സര്‍ക്കാര്‍ ഉറപ്പ് മാസങ്ങള്‍ക്കിപ്പുറവും നടപ്പായില്ല, വിമര്‍ശനം

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് (LDF) ഇടുക്കി ജില്ലാ കമ്മറ്റി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ജില്ലാ കമ്മറ്റിയുടെ വിമർശനം. ഭൂമി പ്രശ്നങ്ങള്‍ക്കും കൈവശക്കാർക്ക് പട്ടയം നൽകുന്നതിനും പ്രഥമ പരിഗണന നൽകും എന്നായിരുന്നു ഇടത് സർക്കാർ ഇടുക്കിക്കാർക്ക് നൽകിയ പ്രധാന വാഗ്ദാനം. എന്നാൽ തുടർഭരണം ലഭിച്ചിട്ടും നടപടിയൊന്നുമാകുന്നില്ല. 

പട്ടയം നൽകുന്നതിനായി ഭൂപതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് ജില്ല കമ്മറ്റി യോഗം ചേർന്നത്. പ്രശ്ന പരിഹാരത്തിനായുള്ളള ഇടപെടലുമായി ജില്ലാ കമ്മറ്റി മുമ്പോട്ട് പോകും. ഇതിനായി ഈ ആഴ്ച തന്നെ ഇടുക്കിയില്‍ നിന്നുള്ള ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയേയും, റവന്യൂ മന്ത്രിയേയും നേരില്‍ കാണും. 

പ്രതിപക്ഷത്തിനൊപ്പം ഇടുക്കിയില്‍ ഇടത് പക്ഷവും ഭൂ വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് സർക്കാരിനെതിരെ ഭൂ വിഷയങ്ങളിൽ വിമർശനം ഉയർന്നത്. വട്ടവടയിലെ നീല കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണ്ണയം വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

click me!