തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു

Published : Nov 11, 2025, 10:40 PM IST
Minister veena george

Synopsis

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി, ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ ശ്രീക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, സിടി സ്‌കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ കണ്ടു. ശ്രീക്കുട്ടിയുടെ ബന്ധുക്കളേയും സന്ദര്‍ശിച്ചു. ശ്രീകുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കുമുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള പ്രോട്ടോകോളാണ് പുറത്തിറക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ 5 സ്‌പെഷ്യാലിറ്റികള്‍ക്കുള്ള പ്രോട്ടോകോളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്. മറ്റ് സ്‌പെഷ്യാലിറ്റികളുടെ പ്രോട്ടോകോള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കും. ഒരു ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

2010-11ലാണ് ആദ്യമായി ഒരു റഫറല്‍ പ്രോട്ടോകോള്‍ രൂപീകരിച്ചത്. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം, ആശുപത്രികളിലെ ഭൗതിക സൗഹചര്യങ്ങളിലെ മാറ്റം, ചികിത്സാ രീതികളിലെ മാറ്റം, പുതിയ രോഗങ്ങള്‍ എന്നിവ പരിഗണിച്ചു കൊണ്ടാണ് സമഗ്ര പ്രോട്ടോകോള്‍ പുറത്തിറക്കിയത്. 2023ല്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തുമാണ് സമഗ്ര പ്രോട്ടോകോളിന് രൂപം നല്‍കിയത്. മെഡിക്കല്‍ കോളേജ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാണ്. അതിനാല്‍ എല്ലാ സ്ഥാപനങ്ങളേയും അവിടെ ലഭ്യമായ മാനവവിഭവശേഷി, സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചു കൊണ്ട് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി, സി 1, സി 2, ഡി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഓരോ കാറ്റഗറി സ്ഥാപനത്തിലും എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും എന്തൊക്കെ ചികിത്സകള്‍ നല്‍കണമെന്നും പ്രോട്ടോകോളില്‍ വിശദീകരിച്ചിട്ടുണ്ട്. അവിടെ ചികിത്സയിലുള്ള രോഗിക്ക് എന്ത് അപായ സൂചനകള്‍ കണ്ടാലാണ് റഫറല്‍ ചെയ്യേണ്ടതെന്നും, രോഗ ലക്ഷണങ്ങളനുസരിച്ച് ഏത് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യേണ്ടതെന്നും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

റഫറല്‍, ബാക്ക് റഫറല്‍ പ്രോട്ടോകോള്‍ നടപ്പിലാകുന്നതോടെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളിലെ രോഗികളുടെ ബാഹുല്യം കുറയ്ക്കാനാകും. താഴെത്തട്ടിലെ ആശുപത്രികളില്‍ ഉള്ള സൗകര്യങ്ങള്‍ വച്ച് ഏതൊക്കെ ചികിത്സിക്കാമെന്ന് കൃത്യമായി നിര്‍വചിച്ചത് കൊണ്ട് നൂലാമാലകളൊന്നുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നിലവിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ കൃത്യതയോടെ ചികിത്സിക്കാനും അതുവഴി റഫറല്‍ കുറയ്ക്കാനും കഴിയുന്നു. രോഗികള്‍ നേരിട്ട് പ്രധാന ആശുപത്രികളില്‍ എത്തുന്നത് കുറയ്ക്കാനും അങ്ങനെ നിലവിലെ എല്ലാ ആശുപത്രികള്‍ക്കും സൗകര്യങ്ങള്‍ക്കനുസരിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും മുരാരി ബാബുവിനും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, ഗോവര്‍ധനും ജാമ്യമില്ല