അനുപമയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കും; വകുപ്പ് തല അന്വേഷണം തുടങ്ങിയതായി മന്ത്രി വീണാ ജോർജ്ജ്

By Web TeamFirst Published Oct 22, 2021, 12:11 PM IST
Highlights

ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനൽകൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ്ജ് വ്യക്തമാക്കി.

പത്തനംതിട്ട: അനുപമയുടെ കുഞ്ഞിന്റെ (anupama baby) വിഷത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് (veena george). വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനൽകൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ്ജ് വ്യക്തമാക്കി. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്.  

CWC ചെയർപേഴ്സന്റെ നിലപാട് മന്ത്രി തള്ളി. പരാതി എഴുതി നൽകണമെന്നില്ലെന്ന് വീണ ജോർജ് വ്യക്തമാക്കി. സ്ത്രീകളുടെ വിഷയത്തിൽ വാട്സ് ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. 

അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തിൽ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അ‍ഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പോലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.

ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്. ഒരു നിയമ പിന്‍ബലും കിട്ടാത്ത രേഖകളുണ്ടാക്കി  കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് അനുപമയുടെ അച്ഛന്‍ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന മറുപടിയാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ അടക്കം അനുപമയ്ക്ക് നൽകിയത്.

വിവാദത്തിൽ ഇന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ വിശദീകരണവുമായി എത്തിയിരുന്നു. കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നുമാണ് ആനാവൂർ വിശദീകരിച്ചത്. അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ പറയുന്നത്.  

Read More: ദത്ത് വിവാദത്തിൽ സിപിഎം വിശദീകരണം; പാർട്ടിക്ക് ഒന്നും ചെയ്യാനില്ല, നിയമപരമായി പോയാൽ പിന്തുണയ്ക്കുമെന്ന് ആനാവൂർ

എന്നാൽ കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ്  ചെയ്തതെന്നാണ് അനുപമയും അജിതും പറയുന്നത്.  ആനാവൂരിന് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറയുന്നു.

Read More: 'അന്ന് തള്ളിപ്പറഞ്ഞു, ഇപ്പോൾ പച്ചക്കള്ളം പറയുന്നു': ആനാവൂ‍ർ നാ​ഗപ്പനെതിരെ അനുപമയും അജിത്തും

click me!