നവവധുവിന് ഭര്‍ത്താവിൻ്റെ മർദ്ദനമേറ്റ സംഭവം: നിയമസഹായവും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുമെന്ന് വീണാ ജോര്‍ജ്ജ്

Published : May 14, 2024, 06:48 PM IST
നവവധുവിന് ഭര്‍ത്താവിൻ്റെ മർദ്ദനമേറ്റ സംഭവം: നിയമസഹായവും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുമെന്ന് വീണാ ജോര്‍ജ്ജ്

Synopsis

സംഭവം ക്രൂരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പറഞ്ഞ മന്ത്രി ഇത് ആവര്‍ത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്നും പറഞ്ഞു

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ പന്തീരാങ്കാവ് ഗാർഹിക പീഡനത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ വിമര്‍ശിച്ചു. പൊലീസ് നിസംഗരായി നോക്കി നിന്നു, പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ അശ്വസിപ്പിക്കുന്നതിന് പകരം പരിഹസിച്ചുവെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം ഇത് ആദ്യത്തെ സംഭവമല്ലെന്നും പോലീസിനെ നിയന്ത്രിക്കുന്നത് ആരെന്നും ചോദിച്ചു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപ്, മെയ് 11 ന് പന്തീരാങ്കാവിലെ വീട്ടിൽ  ഭർത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തിയത്. വീട് കാണൽ ചടങ്ങിനെത്തിയ അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞത്. പരാതി പറയാൻ പോലും ഭയമായിരുന്നുവെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാത്രി 1 മണിയോടെയാണ് മർദ്ദനം നടന്നത്. പക്ഷെ വീട്ടിൽ അമ്മയും രാഹുലിൻ്റെ സുഹൃത്തും അടക്കം ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല. 150 പവനും കാറുമായിരുന്നു ഭർത്താവിന്‍റെ ആവശ്യം. ഭർത്താവിന്‍റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടി.

ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിയെ  അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ പറയുന്ന പോലെയുളള അതിക്രമങ്ങള്‍ യുവതി നേരിട്ടോ എന്ന് ഡോക്‌ടറുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂവെന്നാണ് പൊലീസ് നിലപാട്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് പന്തീരാങ്കാവ് പൊലീസിന്‍റെ തീരുമാനം. പ്രതിക്കെതിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തണം എന്നാവശ്യപ്പെട്ട് പറവൂർ പോലീസിലും യുവതിയും കുടുംബവും പരാതി നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി