
തിരുവനന്തപുരം: തന്റെ ജീവൻ രക്ഷിക്കാനായി ഇടപെട്ട മന്ത്രി വി വാസവൻ ഇനി തന്റെ കാണപ്പെട്ട ദൈവമെന്ന് വാവ സുരേഷ്. കുറിച്ചിയിൽ നിന്ന് തന്നെ മെഡിക്കൽ കോളേജിലെത്തിച്ചതിനും അവിടെ മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയതിനുമുള്ള നന്ദിയാണ് വാവ സുരേഷ് പ്രകടിപ്പിച്ചത്. ഇതിനെല്ലാം പുറമെ വാവ സുരേഷിന് വീടും മന്ത്രിയും മന്ത്രിയുടെ പാർട്ടിയായ സിപിഎമ്മും വാഗ്ദാനം ചെയ്തിട്ടുണ്ട്.
'തന്നെ ആദ്യമെത്തിച്ച ഭാരത് ഹോസ്പിറ്റലിൽ മന്ത്രി വാസവൻ സാർ പെട്ടെന്നെത്തി. അവിടെ നിന്ന് വേഗം മെഡിക്കൽ കോളേജിൽ എത്തിച്ചു. ലോകത്താദ്യമായാകും ഒരു സാധാരണക്കാരന് മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനമായത്. കുറിച്ചിയിൽ നിന്ന് 15 മിനിറ്റ് കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റി. അതിനോടകം ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. അവരുടെ കഠിനാധ്വാനമാണ് തന്നെ രക്ഷിച്ചത്. ഇതുവരെ തൊഴുതത് ദൈവങ്ങളെയാണ്. ഇനി മന്ത്രി വാസവൻ സാറാണ് തന്റെ കാണപ്പെട്ട ദൈവം. അദ്ദേഹം തനിക്കൊരു ആരാധനാ പുരുഷനെ പോലെയാണ്.' - വാവ സുരേഷ് പറഞ്ഞു.
മരിക്കുമെന്ന് തന്നെയാണ് കരുതിയത്
രക്ഷപ്പെടുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് വാവ സുരേഷ്. ഇത് പുനർജന്മമാണ്. വണ്ടിയോടിച്ച ഡ്രൈവർ നിജുവിനോട് മരണപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നു. നിജുവിന്റെയും അവിടുത്തെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ട്. ഭാരത് ആശുപത്രിയിൽ ചെല്ലുമ്പോൾ ശരീരത്തിൽ 20 ശതമാനം പോലും പ്രവർത്തനം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ ഇടപെട്ടു. അവർക്കും നന്ദിയുണ്ട്.
കടിയേൽക്കാനുള്ള കാരണം
കാറിടിച്ച് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടുവിലുണ്ടായ വേദനയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കാൻ കാരണമായതെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്. ഇത് പക്ഷെ കൂടുതൽ വെല്ലുവിളിയായി. കൊവിഡ് വന്ന ശേഷം ശ്വാസകോശത്തിന് പ്രശ്നമുണ്ടായിരുന്നു. പോത്തൻകോട് വെച്ച് കാറിടിച്ച് നട്ടെല്ലിനും കഴുത്തിനും മൂക്കിന്റെ പാലത്തിനുമെല്ലാം പൊട്ടലുണ്ടായിരുന്നു. ഇതിനാലൊക്കെയാണ് പാമ്പിനെ പിടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാനാകാതിരുന്നത്.' - വാവ സുരേഷ് പറഞ്ഞു.
'കോട്ടയം കുറിച്ചിയിൽ കുറച്ച് വീടുകൾ അടുത്തടുത്തായി കിടന്നിരുന്ന സ്ഥലത്തായിരുന്നു പാമ്പിനെ കണ്ടത്. കുറച്ച് ദിവസമായി അവർ അവിടെ നിന്ന് വിളിച്ചിരുന്നു. അപകടം നടന്നത് കൊണ്ടാണ് പോകാൻ താമസിച്ചത്. പോയപ്പോഴും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നു. ബെൽറ്റിട്ടിരുന്നു. കഴുത്തിലെ ബെൽറ്റ് അഴിച്ചുവെച്ചാണ് പാമ്പിനെ പിടിക്കാൻ പോയത്. പിടിച്ച ശേഷം പാമ്പിനെ ചാക്കിലാക്കുന്ന സമയത്ത് നടുവിന് വേദനയനുഭവപ്പെട്ടു. ഈ സമയത്താണ് ശ്രദ്ധ മാറിയത്.' അതിനാലാണ് അപകടം സംഭവിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam