ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം: വിഷയം പഠിക്കാൻ വിദഗ്ദ്ധ സമിതി വേണമെന്ന് സർവകക്ഷി യോഗം

By Web TeamFirst Published Jun 4, 2021, 6:02 PM IST
Highlights

നിലവിൽ സ്കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക്  അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സർവകക്ഷി യോഗം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ യോഗത്തിൽ ധാരണയായി. നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണയായി.

ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത്  ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.നിലവിൽ സ്കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക്  അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. തീരുമാനം  വൈകരുത്. സാമുദായിക ഐക്യം ദുർബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. 

ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സർവ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സമുദായ മൈത്രിക് പ്രശ്നമുണ്ടാകാതെ പ്രശ്നം പരിഹരിക്കണം. നിലവിൽ ആനുകൂല്യം ലഭിക്കുന്ന വർക്ക് ഒരു കുറവും ഉണ്ടാകരുത്. അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം  80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!