"ഭാവിയില്‍ അങ്ങയുടെ പേര് ഡോക്ടര്‍ മസാല ഐസക്ക് എന്നാവാതിരിക്കട്ടെ": എം കെ മുനീര്‍

By Web TeamFirst Published May 28, 2019, 3:00 PM IST
Highlights

ഇടവകയില്‍ ആരെങ്കിലും മരിച്ചാല്‍ മുഴക്കുന്ന മരണമണിയാണ് ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഴങ്ങിയതെന്നും എം കെ മുനീര്‍

തിരുവനന്തപുരം: മസാല ബോണ്ടിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് എം കെ മുനീര്‍. സാധാരണ സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെയെന്നും മുനീര്‍ തോമസ് ഐസക്കിനെ വിമര്‍ശിച്ചു. സഭയിലിരുന്ന തോമസ് ഐസക്ക് മുനീറിന്‍റെ പ്രസ്താവന കേട്ട് ഏറെ നേരം ആലോചിച്ചാലോചിച്ച് ചിരിച്ചു.

"ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല. അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്. പിന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അവസരം കിട്ടിയിട്ടില്ലെന്നുള്ളത് അഭിമാനകരമല്ല, അങ്ങനെയൊരു ഗതി  കേരളത്തിന് വന്നല്ലോ എന്നുള്ളതാണ് ആലോചിക്കേണ്ടത്" ഇടവകയില്‍ ആരെങ്കിലും മരിച്ചാല്‍ മുഴക്കുന്ന മരണമണിയാണ് ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഴങ്ങിയതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. 

കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.

click me!