പിപിഇ കിറ്റ് ധരിച്ച് ചെറുപ്പക്കാർ തെരുവിലിറങ്ങിയതിന് ഉത്തരവാദികൾ ഭരണാധികാരികൾ; എംകെ മുനീർ

Web Desk   | Asianet News
Published : Aug 03, 2020, 09:15 PM IST
പിപിഇ കിറ്റ് ധരിച്ച് ചെറുപ്പക്കാർ തെരുവിലിറങ്ങിയതിന് ഉത്തരവാദികൾ ഭരണാധികാരികൾ; എംകെ മുനീർ

Synopsis

വിദ്യാസമ്പന്നരായ തൊഴിൽരഹിത ചെറുപ്പക്കാരുടെ കണ്ണീരൊപ്പാൻ പ്രതിപക്ഷം കൂടെ ഉണ്ടാകുമെന്നും എം കെ മുനീര്‍ കുറിച്ചു.

തിരുവനന്തപുരം: പിപിഇ കിറ്റ് ധരിച്ച് പിഎസ്‍സി റാങ്ക്ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഇന്നത്തെ കേരളത്തിന്‍റെ നേര്‍ക്കാഴ്ചയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇക്കാലത്ത് പിപിഇ കിറ്റ് ധരിച്ച് ചെറുപ്പക്കാർക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അധികാരത്തിന്‍റെ ഉന്മത്താവസ്ഥയിൽ ഇരിക്കുന്ന ഭരണാധികാരികളാണെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

മുമ്പെങ്ങും തൊഴിൽരഹിത-പിഎസ്‍സി റാങ്ക് ഹോൾഡേഴ്സായ ചെറുപ്പക്കാർക്ക് ഈ ദുർഗതി ഉണ്ടായിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. വിദ്യാസമ്പന്നരായ തൊഴിൽരഹിത ചെറുപ്പക്കാരുടെ കണ്ണീരൊപ്പാൻ പ്രതിപക്ഷം കൂടെ ഉണ്ടാകുമെന്നും എം കെ മുനീര്‍ കുറിച്ചു.

എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ചിത്രം കേരളത്തിന്റെ നേർക്കാഴ്ചയാണ്. ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ഒരു സമരത്തിന്റെ മുന്നോടിയായുള്ള ചിത്രം എനിക്ക് അയച്ചു തന്നത് അവരുടെ ഒരു പ്രതിനിധിയാണ്. ഇക്കാലത്ത് PPE കിറ്റും ധരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ചെറുപ്പക്കാർ തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അധികാരത്തിന്റെ ഉന്മത്താവസ്ഥയിൽ ഇരിക്കുന്ന ഭരണാധികാരികളാണ്. മുമ്പെങ്ങും തൊഴിൽരഹിത-പി എസ് സി റാങ്ക് ഹോൾഡേഴ്സായ ചെറുപ്പക്കാർക്ക് ഈ ദുർഗതി ഉണ്ടായിട്ടില്ല.

പോലീസ് റാങ്ക് ലിസ്റ്റ് മുതൽ കേരളത്തിലെ പ്രതിപക്ഷം കണ്ണിമവെട്ടാതെ യുവജനങ്ങളോടൊപ്പമാണ് .സിപിഒ,സിവിൽ എക്സൈസ് ഓഫീസർ,എൽഡിസി, എൽ ജി എസ്, സപ്ലൈകോയിൽ ഹെൽപ്പർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി ഏറ്റവുമൊടുവിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച പരാതിയുമായി എത്തിയിരുന്നു. ലോക്ക് ഡൗൺ കാലം മുതൽ റാങ്ക് ഹോൾഡേഴ്സിന്റെ എത്രയെത്ര പരാതികൾ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നു!!

സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ചരിത്രത്തിലാദ്യമായാണ് സിപിഒ റാങ്ക് ലിസ്റ്റിന് കേവലം ആറു മാസം മാത്രം കാലാവധി ഉണ്ടാവുന്നത്. ടിപി വേക്കൻസി വരെ അട്ടിമറിച്ചു.

ടെസ്റ്റും ഫിസിക്കലും പാസായി റാങ്ക് ലിസ്റ്റിൽ വരുന്നവരുടെ Effort പുറം വാതിലിലൂടെ ബന്ധുക്കളെയും അനർഹരെയും നിയമിക്കുന്നവർക്ക് മനസ്സിലാകില്ല.

വികലാംഗ ക്ഷേമ കോർപ്പറേഷനിൽ, കിലെയിൽ, യുവജന കമ്മീഷനിൽ, ലൈബ്രറി കൗൺസിലിൽ, സി-ഡിറ്റിൽ, ഐടി മിഷനിൽ ഒക്കെയും അനർഹരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കി നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് പോലും ഇന്നും ഉത്തരം നൽകിയിട്ടില്ല.

ഈ മഹാമാരിക്കിടെ സർക്കാർ വീണ്ടും സ്വജനപക്ഷപാതം കാണിച്ചിട്ടുണ്ട്. ആറായിരത്തോളം ആരോഗ്യ പ്രവർത്തകരുടെ താൽക്കാലിക നിയമനം ആണത്.ഇരുപത്തി അയ്യായിരത്തോളം വരുന്ന സ്റ്റാഫ് നേഴ്സ് റാങ്ക് ലിസ്റ്റ് പതിനായിരത്തോളം വരുന്ന ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റ് എന്നിവയത്രയും നിലനിൽക്കെ,സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചതിന് എന്ത് ന്യായീകരണമാണ് നൽകാനുള്ളത്. ?

ഒരു കാര്യം അസന്ദിഗ്ധമായി പറയുകയാണ്, കേരളത്തിലെ പ്രതിപക്ഷം വിദ്യാസമ്പന്നരായ തൊഴിൽ രഹിത ചെറുപ്പക്കാരുടെ കണ്ണീരൊപ്പാൻ കൂടെ ഉണ്ടാകും. ഇനിയുള്ള ഓരോ ദിവസവും ഈ സർക്കാരിന്റെ കൗണ്ട് ഡൗണും യുവാക്കളുടെ തൊഴിൽ വാതായനത്തിലേക്കുള്ള കാൽവെപ്പും ആയിരിക്കും!!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി