എംഎം മണിക്കെതിരെ കേസെടുത്തിരുന്നോ, വകുപ്പ് മന്ത്രിക്കെതിരെ പറയുന്നത് സ്ത്രീവിരുദ്ധതയാകുന്നതെങ്ങനെ?: മുനീ‍‍ര്‍

Published : Sep 24, 2023, 05:34 PM IST
എംഎം മണിക്കെതിരെ കേസെടുത്തിരുന്നോ, വകുപ്പ് മന്ത്രിക്കെതിരെ പറയുന്നത് സ്ത്രീവിരുദ്ധതയാകുന്നതെങ്ങനെ?: മുനീ‍‍ര്‍

Synopsis

കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പൊലീസുമെല്ലാം ഇടത് സ‍ര്‍ക്കാരിന് പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറി.

കോഴിക്കോട് : വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷനെതിരെ മുസ്ലിം ലീഗ് നേതാവ് എംഎം മണി. വകുപ്പ് മന്ത്രിക്കെതിരെ പറഞാൽ അത് സ്ത്രീ വിരുദ്ധത ആകുന്നതെങ്ങനെയാണെന്ന ചോദ്യമുയ‍ര്‍ത്തിയ മുനീര്‍, എം എം മണി പറഞ്ഞപ്പോൾ വനിതാ കമ്മീഷൻ കേസ് എടുത്തോവെന്നും ചോദിച്ചു. 

കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പൊലീസുമെല്ലാം ഇടത് സ‍ര്‍ക്കാരിന് പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറി. എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിൽ പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമർശങ്ങളായാലും അവര്‍ക്കെതിരെ നടപടിയും കേട്ടുകേൾവിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ല. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തിൽ മാറിയിട്ട് കാലം കുറച്ചായി.എന്നാല്‍  സി പി എമ്മിന്റെ  ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും.

പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകള്‍ ഉന്നത സിപിഎം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമർശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേൾവിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 

വിജയ രാഘവൻ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീർണ്ണിച്ച പ്രയോഗങ്ങൾ പരസ്യമായി പറഞ്ഞപ്പോൾ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുന്നു.! 

വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരർത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ,യുദ്ധകാലാടിസ്ഥാനത്തിൽ കേസെടുത്തിരിക്കുകയാണിപ്പോൾ. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം. 

പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങൾ നല്‍കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ ഗ്യാങ്സും. നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സിപിഎമ്മിന്റെ അധികാര ധാർഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും  അവരെ ജയിലിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി പിഎമ്മിൽ നിന്നും നേരിട്ട ആക്രമണങ്ങൾ അവർക്ക് അപ്രിയമായ സത്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു.ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം.വി.ടി.ബല്‍റാം സി പിഎമ്മിനാൽ ടാർഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിയുടേയും ദൗത്യം ജനങ്ങൾക്ക് വേണ്ടി നിർവ്വഹിച്ചതിനാണ് ഏറ്റവുമൊടുവിൽ,വി ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തത്.

ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും  നേതൃത്വം നൽകുന്ന സി പി എമ്മിനേയും നയിക്കുന്ന ചേതോവികാരം.ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തിൽ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട് എന്നിരിക്കേ, ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലർത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവൺമെൻറ് എന്ന നിലയിൽ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്.അങ്ങനെയാണ് സമൂഹം കാണുന്നത്.അവിടെ ലിംഗ വ്യതിരിക്തതകൾ പ്രസക്തമാണെന്ന് തോന്നുന്നില്ല.അതത് വകുപ്പുകളുടെ വീഴ്ചകൾ വിമർശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമർശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാർത്ഥത്തിൽ പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂൾ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..?


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്