
കോഴിക്കോട്: യുഡിഎഫ് കഴിഞ്ഞ തവണ കൈവിട്ട കോഴിക്കോട് സൗത്ത് മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇക്കുറി എംകെ മുനീര്‍ ഇറങ്ങിയേക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കൊടുവള്ളി വിട്ട്, രണ്ടു തവണ വിജയിച്ച സൗത്തിലേക്ക് തിരിച്ചുവരാന്‍ മുനീര്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സൗത്തിലുണ്ടായ മുന്നേറ്റമാണ് മുനീറിനും മുന്നണിക്കും പ്രതീക്ഷ പകരുന്ന ഘടകം.
കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലം രൂപം കൊണ്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായ 2011ല്‍ 1376 വോട്ടിന് സൗത്തില്‍ നിന്നും ജയിച്ചു കയറിയതാണ് എംകെ മുനീര്‍. മുസ്ലീം ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്നും അടുത്ത തവണ മുനീര്‍ സഭയിലെത്തിയത് ആറായിരത്തിലധികം വോട്ടിന്‍റെ ലീഡിലാണ്. പക്ഷേ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ലീഗ് കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായതോടെ അപകടം മണത്തു. 2021ല്‍ മുനീര്‍ കൊടുവള്ളിക്ക് ചുവടു മാറി. മുനീര്‍ പോയതോടെ ലീഗ് വനിതാ നേതാവ് നൂര്‍ബിനാ റഷീദിനെ ഇറക്കിയെങ്കിലും പന്ത്രണ്ടായിരത്തിലധികം വോട്ടിന് ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനോട് പരാജയപ്പെട്ടു. അങ്ങനെ ദേവര്‍കോവില്‍ മന്ത്രി സഭയിലുമെത്തി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മുനീര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകുമോയെന്നതായിരുന്നു സംശയം. മത്സരിക്കുകയാണെങ്കില്‍ കൊടുവള്ളി വിട്ട് സൗത്തിലിറങ്ങാനാണ് താത്പര്യമെന്ന് അദ്ദേഹം അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതാണ് യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഘടകം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും മുനീര്‍ വന്നാല്‍ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍. മുനീര്‍ പിന്‍വാങ്ങുകയാണെങ്കില്‍ മാത്രമേ സൗത്തില്‍ ലീഗ് മറ്റൊരാളെ പരിഗണിക്കൂ. അങ്ങനെ വന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനാകും നറുക്കു വീഴുക. മുനീര്‍ എത്തിയാലും മണ്ഡലം ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിച്ച് പറയുന്നവരുമുണ്ട്.
ഇടതു മുന്നണിയില്‍ ഐഎന്‍എല്ലിന് തന്നെയാകും സീറ്റെന്ന് ധാരണയായിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എ അഹമ്മദ് ദേവര്‍ കോവില്‍ തന്നെയാകും തുടര്‍ വിജയം തേടി ഇത്തവണയിറങ്ങുക എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam