
മലപ്പുറം: ജില്ലാ കളക്ടര്‍മാര്‍ക്കും കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ പ്രഖ്യാപിക്കാമെന്ന് സമ്മതിച്ചതിന് നന്ദിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുള്ള ജില്ലാ കളക്ടറുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെയാണ് എം കെ മുനീറിന്‍റെ പ്രതികരണം. കാര്യം മനസിലാക്കി തെറ്റ് തിരുത്തിയതിന് അഭിനന്ദനം. മുമ്പ് ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. ഇതിന് താന്‍ വളരെ അധികം ആക്ഷേപത്തിന് വിധേയനായി. സാരമില്ല.
പോരായ്മകൾ ചൂണ്ടികാട്ടുക എന്റെ ഉത്തരവാദിത്തമാണ്, അത് ഇനിയും നിർവഹിക്കുമെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇടുക്കി കളക്ടറുടെ പ്രതികരണം.
ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയാണ്.
ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 17 ആയി. ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യാൻ ജില്ലയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിട്ടുണ്ട്. കോട്ടയത്തെ ടെസ്റ്റിംഗ് ലാബിൽ നിലവിൽ ഇടുക്കിയിൽ നിന്ന് വരുന്ന സാമ്പിളുകൾക്ക് മുൻതൂക്കം നൽകുന്നുണ്ട്.
സമാനമായ മുൻഗണനയോടെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും എറണാകുളത്തും ടെസ്റ്റിംഗ് നടത്തുകയോ, കാസർകോടിന് സമാനമായി ഇടുക്കിയിലും ഒരു ടെസ്റ്റിംഗ് ലാബ് പെട്ടെന്ന് സജ്ജീകരിക്കുകയോ വേണമെന്നാണ് ജില്ലാ ഭരണകൂടം സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അതിർത്തി കടന്ന് വരുന്നവരിലാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായതിനാൽ, അതിർത്തിയിൽ കർശനപരിശോധന ഏർപ്പെടുത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam