
കോഴിക്കോട്: യൂത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി എം കെ രാഘവൻ എംപി. ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയ യൂത്ത് കോൺഗ്രസിന്റെ നടപടി പാർട്ടിക്ക് നാണക്കേടായി എന്ന് എം കെ രാഘവൻ വിമർശിച്ചു. സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചതെന്നും എം കെ രാഘവൻ പറയുന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണമെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഘപരിവാറിനെതിരെ കോൺഗ്രസ് ഉയർത്തുന്ന ആശയത്തെ ഈ നടപടി കളങ്കപ്പെടുത്തുന്നതായി എന്ന് പറഞ്ഞ എം കെ രാഘവൻ, നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകും എന്നും രാഘവൻ പറഞ്ഞു. എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും എം കെ രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: ശശി തരൂരിനെ തടഞ്ഞുവെന്നത് വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് വാദം തള്ളി കെ സുധാകരന്‍
അതേസമയം, പാർട്ടി നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂർ ഇന്ന് കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് എം ടി വാസുദേവൻ നായരെ വീട്ടിൽ സന്ദർശിക്കുന്ന ശശി തരൂർ 10 മണിക്ക് ഭരണഘടനയിലെ മതേതരത്വം എന്ന വിഷയത്തിൽ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രസംഗിക്കും. തുടർന്ന് മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെയും എം വി ശ്രേയാംസ് കുമാർ എംപിയെയും സന്ദർശിക്കുന്ന തരൂർ നാല് മണിക്ക് മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാറിലും പ്രസംഗിക്കും.
യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ നിന്ന് കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പിന്മാറുകയും നെഹ്റു ഫൗണ്ടേഷൻ ഏറ്റെടുക്കുകയും ആയിരുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ശശി തരൂർ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam