
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിൽ. രാഹുലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തലിന്റെ എംഎൽഎ ഓഫീസ് പൂട്ടിയതെന്നാണ് വിവരം. പാലക്കാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ നിലവിൽ രാഹുൽ എവിടെയാണെന്ന് വിവരങ്ങളൊന്നുമില്ല. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവുരന്നുണ്ട്. അതിനിടെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയും സിപിഎമ്മും രംഗത്തെത്തി.
പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫേസ്ബുക്കിൽ പ്രതികരണവുമായി എത്തിയരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. 'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...' എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാൽ നൽകുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam