
കോട്ടയം: കോട്ടയത്തെ സർക്കാർ സ്വാതന്ത്ര്യദിന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുത്തില്ല. മന്ത്രി വിഎൻ വാസവനൊഴികെയുള്ള എംഎൽഎമാരും എംപിയും ചടങ്ങിൽ പങ്കെടുത്തില്ല. ഇതിൽ നിശിതമായ വിമർശനം മന്ത്രി വിഎൻ വാസവൻ ഉന്നയിച്ചു. ഓരോരുത്തരുടെയും ദേശീയ ബോധത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും ക്ഷണിച്ചതാണെന്നാണ് ജില്ലാ കളക്ടറുടെ മറുപടി.
കേരള കോൺഗ്രസ് നേതാവായ തോമസ് ചാഴികാടനാണ് കോട്ടയം എംപി. എംഎൽഎമാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, സികെ ആശ എന്നിവരാണ് ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങൾ.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങുകൾ മാത്രമായാണ് പരിപാടി നടത്തിയതെന്ന് മന്ത്രി പ്രതികരിച്ചു. താൻ എംഎൽഎ ആയ കാലത്ത് എല്ലാ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും പങ്കെടുത്തിരുന്നു. ദേശാഭിമാനം വ്യക്തിക്ക് ഉണ്ടാവേണ്ട ഒന്നാണ്. ഇത് സർക്കാർ പരിപാടി മാത്രമല്ല. ഇത് നാടിന്റെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാവർക്കും കത്ത് നേരിട്ട് നൽകിയതാണെന്ന് ജില്ലാ കളക്ടർ ഡോ പികെ ജയശ്രീ വ്യക്തമാക്കി. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam