
തിരുവനന്തപുരം: മുംബൈയില്‍ ഇന്ത്യാസഖ്യത്തിന്‍റെ മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലം മുതല്‍ തുടങ്ങിയതാണ് ഇവരുടെ അഞ്ചാംപത്തി പ്രവര്‍ത്തനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന സിപിഐ പോലും പ്രതിനിധിയെ അയച്ചപ്പോള്‍ സിപിഎം ചരിത്രദൗത്യം ആവര്‍ത്തിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്‌ലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവതരമാണ് എന്നാണിതു സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍വന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
ത്രിപുര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിക്കാന്‍ സിപിഎം ധാരണയായിക്കഴിഞ്ഞു. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബീഹാര്‍, അസം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയില്‍ ചേര്‍ന്നു ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സിപിഎം ശ്രമിക്കുന്നു. എന്നിട്ടും കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും മത്സരിക്കരുതെന്ന് സിപിഎം നിലപാടെടുക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും വ്യക്തം. ആണവക്കരാറിന്‍റെ പേരില്‍ യുപിഎ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള സിപിഎമ്മിന് വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയോടൊപ്പം ചേര്‍ന്ന് താങ്ങിനിര്‍ത്തിയ ചരിത്രവുമുണ്ടെന്ന് ഹസന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam