പെട്ടിമുടി ദുരിതബാധിതരുടെ പുനരധിവാസം വൈകും, വീട് നിർമ്മാണത്തിന് ഭൂമി കണ്ടെത്താനായില്ലെന്ന് മന്ത്രി മണി

By Web TeamFirst Published Aug 29, 2020, 6:42 AM IST
Highlights

വീട് നിർമിക്കാനുള്ള ഭൂമി കണ്ടെത്താൻ കണ്ണൻദേവൻ കമ്പനിയുമായി ധാരണയിലെത്താനായില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു

ഇടുക്കി: പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണം വൈകും. വീട് നിർമിക്കാനുള്ള ഭൂമി കണ്ടെത്താൻ കണ്ണൻദേവൻ കമ്പനിയുമായി ധാരണയിലെത്താനായില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. പുനരധിവാസം പൂർത്തിയാകാത്തതിനാൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിൽ കഴിയുകയാണ്.

മൂന്നാറിൽ വീട് നിർമാണത്തിന് റവന്യൂഭൂമി കണ്ടെത്താനാകാത്തതാണ് പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥർ. ഇതിന് പരിഹാരമായി ടാറ്റയുടെ കൈവശമുള്ള തോട്ടം ഭൂമിയിൽ വീട് പണിയാൻ കമ്പനിയുമായി ധാരണയിൽ എത്താൻ ഇതുവരെ സർക്കാരിനായിട്ടില്ല.

പെട്ടിമുടിയിലെ 65 കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഇതിൽ 46 കുടുംബങ്ങൾക്ക് കമ്പനി പകരം ലയങ്ങൾ നൽകി. ബാക്കിയുള്ളവർ ഇപ്പോഴും ബന്ധുവീടുകളിലാണുള്ളത്.

ഒറ്റമുറി വീടുകളിൽ മറ്റൊരു കുടുംബത്തിന് കൂടി കഴിയാൻ സ്ഥലമില്ലാത്തതിനാൽ വിവിധ ബന്ധുവീടുകളിലായാണ് ദുരന്തബാധിതരുടെ താമസം. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഉടൻ പകരം ലയങ്ങളും ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ അടച്ചുറപ്പുള്ള വീടും അനുവദിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.

click me!