
തൊടുപുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണെന്നും ശിക്ഷക്ക് ഒരു ന്യായവുമില്ലെന്നും എംഎം മണി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് എനിക്ക് തോന്നുന്നത്. വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍എസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും എംഎം മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംകളെ കൊന്നുതള്ളിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതാവ് മോഹൻ ഭാഗവതാണ്. മുസ്ലീങ്ങളെ കൊലപ്പെടുത്തി. ക്രിസ്ത്യാനികളെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും. അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും മണി പറഞ്ഞു. ഞാൻ പറഞ്ഞത്ര പോലും രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലേ. അങ്ങനെയെങ്കിൽ എന്നേം ശിക്ഷിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആയിരം സംവത്സരമായി പൊരുതുകയാണ് എന്നാണിവർ പറയുന്നത്. എന്താണിവർ പൊരുതുന്നത്. ജാതിവ്യവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിച്ചത്. ഗാന്ധിയും ഹിന്ദുമത വിശ്വാസമായിരുന്നു, പക്ഷേ ഇവരെപ്പോലെ ഭ്രാന്തനായിരുന്നില്ല. അദാനിയെന്ന കള്ളനെ വളര്‍ത്തിക്കൊണ്ടുവന്ന്, രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിച്ചതെന്നും മണി പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടുസീറ്റില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. 'രണ്ട് സീറ്റിലാണ് കെ. സുരേന്ദ്രന്‍ മത്സരിച്ചത്. സഞ്ചരിച്ചത് ഹെലിക്കോപ്റ്ററില്‍. ഞാനൊക്കെ പൊട്ട ജീപ്പില്‍. ഇതിനൊക്കെ കാശ് എവിടുന്ന് ഉണ്ടായി. ഇന്ത്യന്‍ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവര്‍ കൊടുക്കുകയല്ലാതെ എവിടുന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം', അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam