
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെൻ്റിലേറ്ററിൽ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസ്സം സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിശ്രമത്തിലിരിക്കുന്നതിനിടെയാണ് എംഎം മണി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിൽ എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കവെ വീണ്ടും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ഹൃദയാഘാതം കൂടി സംഭവിച്ചത്.സംഭവത്തെ തുടർന്ന് സിപിഎമ്മിന്റെ നിരവധി മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തി മടങ്ങുന്നുണ്ട്. സിപിഎമ്മിന്റെ കേരള കമ്മിറ്റി അംഗമായ മണി, ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പിന്റെ മന്ത്രിയായിരുന്നു. നിലവിൽ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടർന്ന ശേഷം ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാമെന്ന് ഡോക്ടർ പറഞ്ഞതായി അടുത്ത എംഎം മണിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam