
കൊച്ചി: എറണാകുളംം പെരുമ്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം പരസ്യമായി മർദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. കഞ്ചാവ് വിൽപ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയിൽ പൂട്ടിയിട്ട് നഗ്നരാക്കി മർദ്ദിച്ചെന്നും റോഡിൽ മുട്ടുകുത്തി നിർത്തിച്ച് പരസ്യമായി തലമൊട്ടയടിച്ചതായും യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയുന്ന 6 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
കണ്ടന്തറയിലെ ടോപ്സ് സോഡാ കമ്പനിയിലെ സൂപ്പര്‍വൈസർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്ത് എത്തിയതെന്നാണ് യുവാക്കളുടെ മൊഴി. നേരത്തെ ജോോലി ചെയ്ത പരിചയമുള്ളതിനാലാണ് കമ്പനിയിലെ സൂപ്പര്‍വൈസർ വിളിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങി വരാത്തതിനാലാണ് ജോലിക്കായി വിളിപ്പിച്ചത്. വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ തങ്ങളെ നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു.
മഞ്ഞപ്പെട്ടി സ്വദേശികളായ ആൽവിൻ, അൽഫാസ്, ഗോകുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആദ്യം റോഡിൽ വെച്ചും പിന്നീട് കമ്പനിയുടെ അകത്ത് കൊണ്ടുപോയി നഗനരാക്കി പരിശോധിച്ച ശേഷവും മർദ്ദിച്ചു. എന്നാൽ ലഹരി വസ്തുക്കളൊന്നും കിട്ടാതായപ്പോൾ റോഡിലേക്ക് കൊണ്ടുവന്ന് കാൽമുട്ടിൽ ഇരുത്തി സമീപത്തെ കടയിൽ നിന്ന് ബാർബറെ എതതിച്ച് തലമൊട്ടയടിച്ചു.
ബന്ധുക്കൾക്കൊപ്പം പിന്നീട് പെരുമ്പാവൂർ സ്റ്റേഷനിലെത്തിയാണ് യുവാക്കൾ പരാതി നൽകിയത്. പ്രദേശവാസിയായ ഷമീർ അടക്കമുള്ളവരെ തിരിച്ചറിഞ്ഞതായി പോലീസും വ്യക്തമാക്കി. മർദ്ദനമേറ്റ ആൽവിൽ നേരത്തെ ലഹരി ഉപയോഗിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്‍റെ പേരിൽ നാട്ടുകാർ നിയമം കയ്യിലെടുക്കരുതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും പെരുമ്പാവൂർ പോലീസ് അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam