ഓൺലൈൻ മദ്യ വിൽപ്പന; മൊബൈൽ ആപ്പ് അന്തിമ ഘട്ടത്തിൽ

By Web TeamFirst Published May 19, 2020, 1:17 PM IST
Highlights

സ്മാർട്ട് ഫോണിലും, സാധാരണ മൊബൈൽ ഫോണിലും രണ്ട് തരം സംവിധാനമാണ് ഓൺലൈൻ മദ്യ വിതരണത്തിന് ഒരുക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് മദ്യ വിൽപ്പനയ്ക്കുള്ള ആപ്ലിക്കേഷൻ തയ്യാറാക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ. കൊച്ചിയിലെ സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിൾ അപ് സ്റ്റോറിന്‍റെ അനുമതി ലഭിച്ചാൽ ഉടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്പിന്‍റെ പ്രവർത്തനം തുടങ്ങും. സ്മാർട്ട് ഫോണിലും, സാധാരണ മൊബൈൽ ഫോണിലും രണ്ട് തരം സംവിധാനമാണ് ഓൺലൈൻ മദ്യ വിതരണത്തിന് ഒരുക്കുന്നത്.

കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈൽ ആപ്പ് വഴിയാണ് ഓൺലൈൻ മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോർ വഴി ആപ് ഡൗൺലോഡ് ചെയ്യണം. ആപിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല തെരഞ്ഞെടുക്കണം. തുടർന്ന് മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിന്‍റെ പരിധിയിൽ ഔട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.

ഓരോ ഔട് ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടുകൾ ഉണ്ടാകും. മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം തെരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട് ലെറ്റ് തെരഞ്ഞെടുത്താൽ ക്യു ആർ കോഡ്  അല്ലങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. അനുവദിച്ച സമയത്ത് ഔട് ലെറ്റിൽ എത്താനായില്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാനാകുക. ഇനി സമാർട് ഫോൺ ഇല്ലാത്തവർക്കായി ഒരു മൊബൈൽ നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്. പിൻകോഡ് അടക്കമുള്ള വിശദാംശങ്ങൾ ഈ നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മദ്യം ലഭിക്കാനുള്ള ടോക്കൺ നമ്പർ എസ്എംഎസ് ആയി ലഭിക്കും. തലേ ദിവസം ബുക്ക് ചെയ്താൽ പിറ്റേ ദിവസം മദ്യം ലഭിക്കുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിട്ടുള്ളത്.

 

click me!