മോഡലുകളുടെ മരണം: സൈജു കാട്ടുപോത്തിനെ കൊന്ന് കറിവെച്ചു; ആരോപണങ്ങളുമായി അന്വേഷണ സംഘം

Published : Nov 30, 2021, 06:53 PM ISTUpdated : Nov 30, 2021, 11:35 PM IST
മോഡലുകളുടെ മരണം: സൈജു കാട്ടുപോത്തിനെ കൊന്ന് കറിവെച്ചു; ആരോപണങ്ങളുമായി അന്വേഷണ സംഘം

Synopsis

സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള  സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ആരോപണമുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആരാണ് ഇയാൾക്കൊപ്പം വേട്ടയ്ക്ക് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂന്നാറിൽ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മൂന്നാറില്‍ വിതരണം ചെയ്ത മയക്കമുരുന്നിനെകുറിച്ച്  കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിമാന്റ് റിപ്പോര്ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


എറണാകുളം വൈറ്റിലയിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ മരിച്ചത്. (MODELS DEATH). ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നത് കൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് ഇന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

പെൺകുട്ടികൾ സഞ്ചരിച്ച വാഹനം സൈജു കാറിൽ പിന്തുടർന്നു. ഇതോടെ ഇവർ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്മാൻ  വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി അബ്ദുൾ റഹ്മാൻ വാഹനം വേഗതയിൽ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

ഡിജെ പാർട്ടിയിൽ വാക്കുതർക്കം

മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട രാത്രി ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും മരിച്ച യുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വെച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

സൈജു തങ്കച്ചൻ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്‍റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്.  പല ഡിജെ പാർട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'