
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോർ ജോയ് ചുഴലിക്കാറ്റിന് നിലവിൽ ശക്തി കുറഞ്ഞ് തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എം മഹോപാത്ര. ദ്വാരകയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. ഈ മാസം 15 ന് സൗരാഷ്ട്ര തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും.
പിന്നാലെ വളരെ തീവ്ര ചുഴലിക്കാറ്റായി കര തൊടും. 15 വരെ കടലിൽ മത്സ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശ ഗുജറാത്തിൽ കനത്ത മഴയും കാറ്റും തുടരും. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സജ്‌ജീകരണങ്ങളും തയ്യാറാണ്. മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ എല്ലാം ഇപ്പോൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണത്തിനാണ് പ്രാഥമിക പരിഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദുരന്തനിവാരണ മേഖലയിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ദുരന്തങ്ങളുടെ തീവ്രതയിലും രീതിയിലും മാറ്റം വന്നിട്ടുണ്ട്. അതിനാൽ വിപുലമായ ആസൂത്രണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റ് മുൻ നിർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആണവോർജ്ജ സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങൾക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ സ്വീകരിക്കാനുള്ള നടപടികളെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ ഭൂചലനം നേരിട്ടു. ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam