
കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലെ ആദ്യ പരിപാടിയായ യുവം 2023 വേദിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് യുവം പരിപാടി വേദിയായ തേവര എസ് എച്ച് കോളേജ് പരിസരത്ത് മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. യുവം പരിപാടിയിലേക്കുള്ള പ്രവേശന കാവടത്തിലായിരുന്ന സംഭവം. ഇത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥക്ക് വഴിവച്ചു. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി എച്ചിനെ തള്ളി നീക്കാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചതോടെയാണ് നേരിയ പ്രശ്നം ഉണ്ടായത്. ബി ജെ പി പ്രവർത്തകർ അനീഷിനെ തള്ളി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ തേവര സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
യുവം വേദിയിൽ അപർണ ബാലമുരളി, ആവേശം പകരാൻ നവ്യയുടെ ഡാൻസ്; പ്രധാനമന്ത്രിയെത്തുമ്പോൾ പ്രമുഖരുടെ നീണ്ടനിര
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള യുവതയോട് സംവദിക്കുന്ന യുവം പരിപാടി ഗംഭീരമാക്കാൻ നിരവധി പ്രമുഖരാണ് വേദിയിലെത്തുന്നത്. മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്‍റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യുവം സംവാദത്തിന് രാഷ്ട്രീയമില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപി പങ്കുവച്ചത്. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും സുരേഷ് ഗോപി ചൂണ്ടികാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam