
ഇടുക്കി: തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെ പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട. കേരളത്തിൽ എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി. ബിജെപിയെ പോലെ കോർപറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നും പറയും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽവന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. സിപിഎം നേതാക്കൾ പോലും പറയുന്നു എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി മാറിയെന്ന്. ആയിരക്കണക്കിന് ആളുകൾക്കാണ് പട്ടയം നൽകാനുള്ളത്. അവർക്ക് നിർമാണം നടത്താൻ കഴിയുന്നില്ല.
കേരളത്തിന്റെ ആരോഗ്യ മേഖല തകർന്നു. ഇടുക്കിയിൽ ഇന്നേവരെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല. അതിനാൽ കോട്ടയം, എറണാകുളം ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നു. മൂന്നിൽ ഒന്ന് യുവജനങ്ങൾക്ക് ജോലിയില്ല. ജോലി കിട്ടണമെങ്കിൽ സിപിഎമ്മിന്റെ ഒപ്പം നിൽക്കണം. ഇപ്പോൾ യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നു. ഇത് സർക്കാരിന്റെ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. ട്രംപ് പറഞ്ഞാൽ മോദി ചാടും, കിടക്കാൻ പറഞ്ഞാൽ കിടക്കും. മോദി ട്രംപിന് വേണ്ടി അല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും കുടുംബവും നടത്തിയ അഴിമതിയെ കുറിച്ച് കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിയാം. വന്ദേമാതരം പാടിയ കുട്ടിയെ അടുത്ത് വിളിച്ചു ചേർത്ത് പിടിച്ചു. ഇത്രയും വലിയ ആൽക്കൂട്ടത്തിന് മുന്നിൽ ഭയമില്ലാതെ പാടി. ഇത് കേരളത്തിലെ സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നു. മനുഷ്യ-വന്യ ജീവി സംഘർഷം കുറക്കാൻ യുഡിഎഫ് സർക്കാർ കൃത്യമായ നടപടി എടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam