ബിനീഷ് കോടിയേരി ജയിൽനിന്ന് ഇറങ്ങി; മോചനം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം

Published : Oct 30, 2021, 08:45 PM ISTUpdated : Oct 30, 2021, 08:58 PM IST
ബിനീഷ് കോടിയേരി ജയിൽനിന്ന് ഇറങ്ങി; മോചനം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം

Synopsis

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്തു ജാമ്യം നിൽക്കാമെന്ന് ആദ്യം ഏറ്റവർ പിൻമാറിയിരുന്നു.

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (money laundering case) ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി (Bineesh Kodiyeri) ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തിന്  ഉള്ളില്‍ ഇറങ്ങിയേനെ എന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. 

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കണ്‍ണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്‍റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്‍റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകൾ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്‍റെ വാദം ഇഡിയും എന്‍സിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്‍റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്‍റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍. കൂടുതല്‍ തെളിവുകളുമായി ജാമ്യം നല്‍കിയ ക‍ർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തില്‍, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെ തേടിയെത്തിയേക്കാം, കേന്ദ്ര ഏജന്‍സികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്
കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്