വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് മരണം രണ്ടായി; മരിച്ച മറ്റൊരാൾക്ക് കൂടി രോഗബാധയെന്ന് സംശയം

By Web TeamFirst Published Apr 23, 2020, 8:04 PM IST
Highlights

ഏപ്രിൽ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയർന്നിട്ടുണ്ട്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രിൽ 13നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി  നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാൾക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തു ഈവർഷം കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം ഏപ്രിൽ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇയാളുടെ സാമ്പിൾ എടുക്കാത്തതിനാൽ ഇനി രോഗം സ്ഥിരീകരികരിക്കാനും സാധിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് വയനാട് ജില്ല. കുരങ്ങുപനിയുടെ ഹോട്ട് സ്‌പോട്ടായി തിരുനെല്ലി പഞ്ചായത്ത് മാറി. ഈവര്‍ഷം രോഗം സ്ഥിരീകരിച്ച 19 പേരില്‍ 16 ഉം തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ്.

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ള ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

രോഗവ്യാപനം തടയാനായി പഞ്ചായത്തുടനീളം ആരോഗ്യ വകുപ്പ് പ്രതിരോധകുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ബുധനാഴ്ച 3000 ഡോസ് വാക്‌സിന്‍ കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് എത്തിച്ചു. 

click me!