Monson Mavunkal : മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു; ചെമ്പോല അടക്കം വ്യാജം

By Web TeamFirst Published Jan 17, 2022, 6:09 PM IST
Highlights

ശബരിമല ചെമ്പോല എന്ന് അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ്  പരിശോധനാ ഫലം  അന്വേഷണസംഘത്തിന് കൈമാറിയത്.

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) പക്കലുളള 10 വസ്തുക്കൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ എന്ന് കണ്ടെത്തി. ശബരിമല ചെമ്പോല എന്ന് മോൻസൻ അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ്  പരിശോധനാ ഫലം  അന്വേഷണസംഘത്തിന് കൈമാറിയത്

മോൻസന്‍റെ ശേഖരത്തിലെ പുരാവസ്തുക്കളെന്ന് തോന്നിപ്പിച്ച പത്ത് വസ്തുക്കളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിശോധിച്ചത്. വിവാദമായ ശബരിമല ചെമ്പോലയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പത്തിൽ എട്ടും പുരാവസ്തുക്കളെല്ലാണ് റിപ്പോ‍ർട്ട്. ചെമ്പോലയ്ക്കൊപ്പം പരിശോധിച്ച നടരാജ വിഗ്രഹവും പുരാവസ്തുവല്ല. മോൻസന്‍റെ ശേഖരത്തിലെ ഒരു റോമൻ നാണയവും ലോഹവടിയും മാത്രമാണ് പുരാവസ്തുക്കളുടെ ഗണത്തിൽപ്പെടുത്താവുന്നതെന്നാണ് റിപ്പോ‍ർട്ട്. മോൻസന്‍റെ ശേഖരം നേരത്തെ സംസ്ഥാന പുരാവസ്തു വകുപ്പും പരിശോധിച്ചിരുന്നു. ടിപ്പുവിന്‍റെ സിംഹാസനമടക്കം പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട മുപ്പത്തിയഞ്ചെണ്ണം അങ്ങനെയല്ലെന്ന് തെളിഞ്ഞിരുന്നു.

ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ റിപ്പോ‍ർട് അടുത്തദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ചിന് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടങ്ങാം. ശബരിമല സ്ത്രീപ്രവേശന വിവാദം കത്തി നിന്ന കാലത്ത് അവിടുത്തെ ആചാരങ്ങൾ സംബന്ധിച്ച് ചെന്പോല പുറത്തുവന്നതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെയെന്നാണ് പരിശോധിക്കുക.

 

click me!