സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ചു; തട്ടിപ്പിന് മോന്‍സന്‍ മറയാക്കിയത് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്

By Web TeamFirst Published Sep 29, 2021, 10:27 AM IST
Highlights

വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടിൽ മോന്‍സന്‍ വാങ്ങിയെന്നാണ് വിവരം.

കൊച്ചി: പുരാവസ്തു തട്ടിപ്പിനും ഹണി ട്രാപ്പിനും പുറമെ ഭൂമി തട്ടിപ്പിലും മോൻസൻ മാവുങ്കലിന് (Monson Mavunkal) കുരുക്ക്. വയനാട്ടിൽ (wayanad) 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാം എന്ന് വിശ്വസിപ്പിച്ച് പാലാ സ്വദേശിയിൽ നിന്ന് മോന്‍സന്‍ തട്ടിയത് ഒന്നേമുക്കാൽ കോടി. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങാതെ ജീവനക്കാരുടെ അക്കൗണ്ട് മറയാക്കിയായിരുന്നു ആസൂത്രിത തട്ടിപ്പെന്ന് പരാതിക്കാരനായ പാലാ മീനച്ചിൽ സ്വദേശി രാജീവ്‌ ശ്രീധരൻ പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള 1500 ഏക്കർ ബീനച്ചി എസ്റ്റേറ്റിൽ 500 ഏക്കർ പാട്ടത്തിന് നൽകാം എന്ന് പറഞ്ഞാണ് രാജീവ്‌ ശ്രീധരനിൽ നിന്ന് മോന്‍സന്‍ പണം തട്ടിയത്. 
 

മധ്യപ്രദേശ് സർക്കാരിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് രേഖകൾ ശരിയാക്കാൻ മോന്‍സന്‍ മുൻ‌കൂർ ആയി 10 ലക്ഷം രൂപ വാങ്ങി. പിന്നെ നാല് അക്കൗണ്ടുകളിലേക്കായി ഒരു കോടി 52 ലക്ഷവും വാങ്ങി. മോൻസൻ മാവുങ്കലിന്‍റെ നാല് ജീവനക്കാരുടെ പേരിലുള്ള ബിനാമി അക്കൗണ്ടുകളിലേക്കായിരുന്നു പണം വാങ്ങിയത്. ജോഷി, ജൈസൽ, അജിത് അടക്കം നാല് പേരുടെ പേരിലാണ് അക്കൗണ്ടുകൾ തുടങ്ങിയത്. സ്വന്തം അക്കൗണ്ട് ഫ്രീസായി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണമിടപാട്. പിന്നീട് ഭൂമി കിട്ടാതായപ്പോൾ സാങ്കേതിക തടസം ആണെന്ന് വരുത്തി തീർക്കാൻ ബാങ്ക്‌ രേഖകൾ കാണിക്കുകയും ഉന്നത സ്വാധീനമുണ്ടെന്ന് വരുത്തി തീർക്കാൻ മുൻ ഡിഐജി എസ് സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങുകളി അടക്കം പങ്കെടുപ്പിക്കുകയും ചെയ്തു. തട്ടിപ്പ് ബോധ്യപ്പെട്ടത്തോടെ ക്രൈംബ്രാഞ്ചിന് രാജീവ് പരാതി കൊടുക്കുകയായിരുന്നു. സംഭവത്തിൽ രാജീവിന്റെ മൊഴിയെടുത്ത ശേഷമാണ് മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

അതേസമയം മോൻസന്‍ 2012ൽ കബളിപ്പിക്കാൻ ശ്രമിച്ചതായി വ്യവസായി എൻ കെ കുര്യൻ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാർക്കിൽ മുതൽ മുടക്കാൻ തയ്യാറാണെന്നായിരുന്നു മോന്‍സന്‍റെ വാഗ്ദാനം. എന്നാല്‍ ഫണ്ട് ലഭ്യമാക്കാൻ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. പിന്നാലെ തടസം നീക്കാൻ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. സുഹൃത്ത് ഹാഷിം വഴിയാണ് മോൻസന്‍ ബന്ധപ്പെട്ടത്. പിന്നീട് 2019 ൽ വീണ്ടും മോൻസന്‍ ഫോണിൽ വിളിച്ചെന്നും എൻ കെ കുര്യൻ പറഞ്ഞു. 
 

click me!