മോൻസന്‍റെ പൊലീസ് ബന്ധം; പറയാതെ പറഞ്ഞ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം

By Web TeamFirst Published Oct 8, 2021, 3:46 PM IST
Highlights

ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരും. ഇക്കൂട്ടത്തിൽ കളളനാണയങ്ങളുമുണ്ടാകാമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്‍റെ (monson mavunkal) പൊലീസ് ബന്ധത്തെ കുറിച്ച് പറയാതെ പറഞ്ഞ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം. ജോലിയുടെ ഭാഗമായി പലതരത്തിലുളള ആളുകളുമായി പൊലീസിന് ഇടപഴകേണ്ടിവരും. ഇക്കൂട്ടത്തിൽ കളളനാണയങ്ങളുമുണ്ടാകാമെന്നാണ് പ്രമേയത്തിൽ പറയുന്നത്. അത്തരക്കാരെ തക്ക സമയത്ത് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. ഇത്തരത്തിലുണ്ടാകുന്ന വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടിവരുന്നു. ആളുകളുമായി ഇടപഴകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് പ്രമേയം പറയുന്നു. പൊലീസ് ഓഫീസേഴ്സ് അസോ. എറണാകുളം ജില്ലാ റൂറൽ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

അതിനിടെ, പുരാവസ്തു തട്ടിപ്പ് കേസ് മോൻസൻ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തളളി. പുരാവസ്തുവിന്‍റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോൻസൻ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോൻസന്‍റെ വാദം. എന്നാൽ, ഉന്നത സ്വാധീനമുളള പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് എറണാകുളം എസിജെഎം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെ തങ്ങൾക്ക് ഭീഷണിയുണ്ടെന്നാരോപിച്ച് പരാതിക്കാർ ഡിജിപിക്ക് പരാതി നൽകി.

ഉന്നതരുടെ പേരുകൾ പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നാരോപിച്ചാണ് പരാതിക്കാർ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു.

click me!