മോൻസൻ തട്ടിപ്പ് തുടങ്ങിയത് രാജകുമാരിയിൽ നിന്ന്; തുടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിൽ

By Web TeamFirst Published Oct 1, 2021, 6:41 AM IST
Highlights

ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു തുടങ്ങിയത്. അധ്യാപികയായിരുന്ന ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 95 ലാണ് മോൻസൻ രാജകുമാരിയിലെത്തിയത്. 

രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിൻറെ തട്ടിപ്പുകളുടെ കളരി ഇടുക്കിയിലെ രാജകുമാരിയായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു തുടങ്ങിയത്.

അധ്യാപികയായിരുന്ന ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 95 ലാണ് മോൻസൻ രാജകുമാരിയിലെത്തിയത്. അന്ന് പണക്കാരനൊന്നുമായിരുന്നില്ല. ഒരു വർഷത്തോളം സർവ്വേ സ്കൂൾ നടത്തി. ഇതോടൊപ്പം എറണാകുളത്ത് നിന്നും ടെലിവിഷനുകൾ എത്തിച്ചു വിൽപ്പന തുടങ്ങി. പഴയ ടെലിവിഷനുകൾ നൽകി പലരെയും പറ്റിച്ചു.

തുടർന്ന് വാഹന തട്ടിപ്പ് രംഗത്തേക്ക് നീങ്ങി. കുറഞ്ഞ വിലയിൽ കാർ നൽകാമെന്നു പറഞ്ഞ് അൻപതിനായിരം മുതൽ രണ്ടരലക്ഷം രൂപവരെ പലരിൽ നിന്നും തട്ടിയെടുത്തു. പന്ത്രണ്ട് വർഷത്തോളം ഇടുക്കി രാജകുമാരയിൽ താമസിച്ച മോൻസൻ, ഭാര്യ സ്വയം വിരമിച്ചതോടെയാണ് ഇവിടെ നിന്നും പോയത്. അതിനു ശേഷവും ഇടക്കിടക്ക് ആഡംബര വാഹനങ്ങളിൽ ഇയാൾ രാജകുമാരിയിൽ എത്താറുണ്ടായിരുന്നു

ഒരു ജൂവലറി ഉടമക്ക് സ്വർണ്ണം എത്തിച്ചുനൽകാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകാതിരുന്നത് മോൻസന് വളമായി. തമിഴ്നാട് സ്വദേശികളുമായി ചേർന്ന് റൈസ് പുളളർ തട്ടിപ്പും ഇക്കാലത്ത് നടത്തിയിരുന്നു.

click me!