തദ്ദേശപ്പോര് മുറുകുന്നു; മെമ്പര്‍ മുതല്‍ മേയര്‍ വരെയുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇതാണ്

By Web TeamFirst Published Nov 12, 2020, 7:14 PM IST
Highlights

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള ജനപ്രതിനിധികളെയാണ് ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ കണ്ടെത്തുക. വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്പളം എത്രയാണെന്ന് അറിയാമോ? ശമ്പളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്നത തുകയുടെ കണക്കുകള്‍ ഇതാ

കൊവിഡ് മഹാമാരിക്കിടെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി തയ്യാറെടുക്കുകയാണ് കേരളം. പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഇതനോടകം സജീവമാക്കി കഴിഞ്ഞു. കടുത്ത നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക, പ്രചാരണത്തിലും കൊവിഡ് പ്രൊട്ടോക്കോള്‍ ബാധകമാണ്. ഇടതുസര്‍ക്കാരിന്‍റെ ജനങ്ങള്‍ക്കിടയിലെ ഇമേജ് വ്യക്തമാക്കുന്ന പോരാട്ടമായി കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം നിരീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷവും വലതുപക്ഷവും തദ്ദേശപ്പോരിനായുള്ള സര്‍വ്വ സന്നാഹങ്ങളും ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. 

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള ജനപ്രതിനിധികളെയാണ് ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ കണ്ടെത്തുക. വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്പളം എത്രയാണെന്ന് അറിയാമോ? ശമ്പളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന തുകയുടെ കണക്കുകള്‍ ഇതാ...

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് 13200, വൈസ് പ്രസിഡന്‍റിന് 10600, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് 8200, മെമ്പര്‍മാര്‍ക്ക് 7000 രൂപ വീതമാണ് ലഭിക്കുക. സാധാരണക്കാരോട് ഏറ്റവുമടുത്തുനില്‍ക്കുന്ന ഗ്രാമപഞ്ചായത്ത് പോലുള്ള തദേ്ദേശ സ്ഥാപനങ്ങളിലെ ചുമതലക്കാര്‍ക്കുള്ള പ്രതിമാസ വരുമാനം അവസാനമായി പുതുക്കിയത് 2016ലാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളുള്ള സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതിമാസ വരുമാനം 14600 രൂപയാണ്. വൈസ് പ്രസിഡന്‍റിന് 12000, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് 8800, മെമ്പര്‍മാര്‍ക്ക് 7600 രൂപയും പ്രതിമാസ വരുമാനം ലഭിക്കും. 

തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്തിലെത്തുന്ന ജനപ്രതിനിധികള്‍ക്കാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് 15800, വൈസ് പ്രസിഡന്‍റിന് 13200, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് 9400, മെമ്പര്‍മാര്‍ക്ക്  8800 രൂപവീതമാണ് ജില്ലാ പഞ്ചായത്തില്‍ ഓണറേറിയം ലഭിക്കുക. മുന്‍സിപ്പാലിറ്റിയിലേക്കെത്തുമ്പോഴും ഈ തുകയില്‍ കാര്യമായ വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. മുന്‍സിപ്പാലിറ്റി ചെയര്‍മാന് 14600, വൈസ് ചെയര്‍മാന് 12000,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് 9400, കൌണ്‍സിലര്‍ക്ക് 7600 രൂപ വീതവും ഓണറേറിയം ലഭിക്കും. 

ആറു കോര്‍പ്പറേഷനുകള്‍ മാത്രമാണ് കേരളത്തിലും ഇവിടെയും ജനപ്രതിനിധികളുടെ വരുമാനം തുച്ഛമാണ്. മേയറിന് 15800, ഡെപ്യൂട്ടി മേയര്‍ 13200, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് 9400, കൌണ്‍സിലര്‍ക്ക് 8200 രൂപ വീതവും ഓണറേറിയം ലഭിക്കും. ഇതിന് പുറമേയാണ് ഹാജര്‍ ബത്ത എന്ന പേരിലുള്ള തുക. മെമ്പര്‍മാര്‍ക്ക് ഹാജര്‍ ബത്തയായി തീരുമാനിച്ചിരിക്കുന്നത് 200 രൂപയാണ് ഇത്തരത്തില്‍ ഒരുമാസം എഴുതിയെടുക്കാന്‍ സാധിക്കുന്ന പരമാവധി തുക 1000 രൂപയാണ്. അതേസമയം മെമ്പര്‍മാര്‍ക്ക് മുകളിലുള്ള ജനപ്രതിനിധകള്‍ക്ക് 250 രൂപവീതമാണ് ഹാജര്‍ ബത്ത, ഒരുമാസം ഇത്തരത്തില്‍ എഴുതിയെടുക്കാന്‍ കഴിയുന്ന പരമാവധി തുക 1250 രൂപയുമാണ്. മറ്റ് ജനപ്രതിനിധികളുമായി താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമായ തുകയാണ് മാസം തോറുമുള്ള ഓണറേറിയം ആയി ലഭിക്കുന്നതെന്നാണ് പല നേതാക്കളും പരാതിപ്പെടുന്നത്. 

click me!