പ്രതിശ്രുത വധുവിനെ കാണാനെത്തിയതിന് അച്ചടക്ക നടപടി; കേരളാ പൊലീസിലെ 'സദാചാര പൊലീസ്'

Published : Sep 26, 2020, 06:54 AM IST
പ്രതിശ്രുത വധുവിനെ കാണാനെത്തിയതിന് അച്ചടക്ക നടപടി; കേരളാ പൊലീസിലെ 'സദാചാര പൊലീസ്'

Synopsis

ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവാണ് താനുമായി വിവാഹം ഉറപ്പിച്ച യുവതിയെ കാണാൻ പോയതിന് വേട്ടയാടപ്പെട്ടത്.

ആലപ്പുഴ: കേരള പൊലീസിലെ സദാചാര പൊലീസിംഗിനിരയായി അച്ചടക്ക നടപടി നേരിട്ട കോഴിക്കോട് ട്രാഫിക് പൊലീസിലെ ഉന്മേഷ് എന്ന പൊലീസുകാരന്‍റെ ഒറ്റയാള്‍ പോരാട്ടം തുടരുകയാണ്. അതിനിടെ സ്വന്തം വകുപ്പിന്‍റെ സദാചാര  പൊലീസിംഗിന് ഇരയായ മറ്റൊരു പൊലീസുകാരനും അനുഭവം തുറന്ന് പറയുകയാണ്.  ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവാണ് താനുമായി വിവാഹം ഉറപ്പിച്ച യുവതിയെ കാണാൻ പോയതിന് വേട്ടയാടപ്പെട്ടത്.

പ്രതിശ്രുതവധുവിനെ കണ്ടതും അവരുടെ സ്ഥാപനത്തിൽ പോയതും സ്വകാര്യ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്തതുമൊക്കെ പെരുമാറ്റ ചട്ടലംഘനമാണെന്ന പേരിൽ നടപടി നേരിടേണ്ടി വന്നു ഈ പൊലീസുകാരന്.  സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്മേലുണ്ടായ സ്ഥലംമാറ്റം ഉൾപ്പെടെ അച്ചടക്കനടപടി ഒഴിവാക്കാൻ മേലുദ്യോഗസ്ഥരെ സമീപിച്ചപ്പോൾ മോശം അനുഭവമാണ് നേരിട്ടതെന്ന് വിഷ്ണുവിന്‍റെ ഭാര്യ ശരണ്യ പറയുന്നു. 

പൊലീസ് സേനയുടെ ഭാഗമായതിനാൽ ക്യാമറയ്ക്ക് പിന്നിലാണ് വിഷ്ണു. രണ്ട് കൊല്ലം മുൻപത്തെ ദുരനുഭവം തുറന്നുപറയുന്നത് ഭാര്യ ശരണ്യയാണ് -. തൃക്കുന്നപ്പുഴ സ്വദേശി ശരണ്യയുടെയും ഇതേസ്ഥലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവിന്‍റെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചു. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. വിവാഹത്തിന് ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് ലഭിച്ചത്. 

റിപ്പോർട്ടിലെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു - ശരണ്യയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ വിഷ്ണു കയറി ഇറങ്ങുന്നു, സ്വകാര്യ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നു, നാട്ടുകാർ ഇത് ചോദ്യം ചെയ്യാൻ സാധ്യയയുണ്ട്, പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റത്തിൽ നടപടി വേണം. റിപ്പോർട്ട് പരിഗണിച്ച് മാവേലിക്കര സ്വദേശിയായ വിഷ്ണുവിനെ അരൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ജോലിക്കിടെ നട്ടെല്ലിന് പരിക്കേറ്റ വിഷ്ണുവിന് ദൂരയാത്ര പ്രയാസമുണ്ട്. ദിവസേന നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്ത്, അരൂരിൽ സ്റ്റേഷനിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെ നീണ്ടഅവധിയിൽ പ്രവേശിച്ചു. അച്ചടക്ക നടപടി ഒഴിവായി കിട്ടാൻ മുഖ്യമന്ത്രി മുതൽ വനിതാ കമ്മീഷനിൽ വരെ ശരണ്യ പോയി. ജില്ലാ പൊലീസ് മേധാവിയെ കണ്ടപ്പോഴുള്ള അനുഭവം മോശമായിരുന്നു.

വിവാഹശേഷവും ശരണ്യയെ വിളിച്ചുവരുത്തി, മൊഴി എടുക്കലടക്കം സ്പെഷ്യ‌ൽ ബ്രാഞ്ച് തുട‍ർന്നു. ശരണ്യയുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഇടപെട്ടതോടെയാണ് വിഷ്ണുവിനെതിരായ നടപടി ഉന്നത ഉദ്യോഗസ്ഥ‍ർ അവസാനിപ്പിച്ചത്. എന്നാൽ. ഭീഷണിപ്പെടുത്തി പരാതികളെല്ലാം പിൻവലിപ്പിക്കുകയും ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി