മാധ്യമപ്രവർത്തകയോട് സദാചാര ഗുണ്ടായിസം, പ്രസ് ക്ലബ് സെക്രട്ടറിക്ക് നേരെ പ്രതിഷേധം

By Web TeamFirst Published Dec 5, 2019, 1:04 PM IST
Highlights

തിരുവനന്തപുരത്തെ വീട്ടിൽ അതിക്രമിച്ച് കയറി വനിതാ മാധ്യമപ്രവർത്തകയെ കാണാനെത്തിയ ആൺ സുഹൃത്തിനെ തടഞ്ഞു വച്ച്, മോശമായി പെരുമാറിയെന്നതാണ് പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരായ പരാതി. 

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വനിതാ മാധ്യമപ്രവർത്തക കൂട്ടായ്മയുടെ പ്രതിഷേധം. നെറ്റ്‍വർക്ക് ഓഫ് വിമൻ ഇൻ മീഡിയ (NWMI-K) കേരള ഘടകമാണ് എം രാധാകൃഷ്ണനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസ് ക്ലബ്ബിൽ ഭാരവാഹികളുടെ മാനേജിംഗ് കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. 

"

സദാചാര ഗുണ്ടായിസം നടത്തി മാധ്യമപ്രവർത്തകയോട് തീർത്തും അപമര്യാദയായി പെരുമാറിയ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ച വനിതാ മാധ്യമപ്രവർത്തകർ മാനേജിംഗ് കമ്മിറ്റി യോഗം നടക്കുന്ന മുറിയിലേക്ക് കയറി രാധാകൃഷ്ണന് ഒരു കുപ്പി ചാണക വെള്ളവും നൽകി. തുടർന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന്, നടപടി ഉണ്ടാകുമെന്ന് മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പുറത്തിറങ്ങി വനിതാ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഇതിനിടെ, പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്ത നടപടി പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന സമിതി അംഗീകരിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിയാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. 

ശനിയാഴ്ച രാത്രിയാണ് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്‍റെ പേരില്‍ കേരളകൗമുദിയിൽ പ്രൂഫ് റീഡറായ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തത്.

പത്രപ്രവർത്തക യൂണിയൻ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറയുന്നത്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച്  തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. 

തുടർന്ന് തന്നെയും  മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവർ ആരോപിച്ചു. ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്‌നം ഒതുക്കിത്തീർക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയിൽ രാധാകൃഷ്ണനും സംഘവും ഇവരുടെ  സുഹൃത്തിനെ തല്ലുകയും ചെയ്തു- പരാതിക്കാരി പറയുന്നു. 

ഇതിനെതിരെ യുവതിയും ഭർത്താവും പേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഇതിനിടെ, പരാതി നൽകിയ യുവതിയ്ക്ക് എതിരെ രാധാകൃഷ്ണൻ പ്രസ് ക്ലബ് അംഗങ്ങൾക്ക് അയച്ച മെയിലിൽ അവരെ അപഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ട്. ഇതിനെതിരെയാണ് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നത്. 

click me!