കാർഷിക വായ്പാ മൊറട്ടോറിയം കാലാവധി അവസാനിച്ചു; പ്രതിസന്ധി ഇന്ന് മന്ത്രിസഭ പരിഗണിക്കും

By Web TeamFirst Published Aug 1, 2019, 7:09 AM IST
Highlights

കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം പ്രതിസന്ധി ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 

തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം പ്രതിസന്ധി ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റിസർവ് ബാങ്കിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രണ്ട് ദിവസത്തിനകം ബാങ്കുകളുടെ യോഗം വിളിക്കാനാണ് സർക്കാർ നീക്കം

സംസ്ഥാനത്തെ കാർഷിക വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഇന്നലെയാണ് അവസാനിച്ചത്. ഇന്ന് മുതൽ തിരിച്ചടയ്ക്കൽ നടപടികൾ ആരംഭിക്കും. തിരിച്ചടവില്ലെങ്കിൽ ബാങ്കുകൾ ജപ്തിയിലേക്ക് നീങ്ങും. പ്രതിസന്ധി പരിഹരിക്കാനായി ഇന്നലെ ബാങ്കേഴ്സ് സമിതിയുമായി കൃഷിമന്ത്രി വിഎസ് സുനിൽകുമാർ ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല എന്നാൽ റിസർവ്  ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കർഷകർ ആശങ്കപ്പെടേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡിസംബർ 31വരെ മൊറട്ടോറിയം നീട്ടണമെന്നായിരുന്നു സർക്കാർ ആവശ്യം. റിസർവ് ബാങ്കാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ബാങ്കേഴ്സ് സമിതിയുടെ നിലപാട്. എന്നാൽ സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചെങ്കിലും ലോൺ തുക നിശ്ക്രിയ ആസ്തിയിലേക്ക് പോകുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കേഴ്സ് സമിതി തീരുമാനെമടുത്തില്ല. 

ഇതിൽ വ്യക്തത തേടി റിസർവ് ബാങ്കിനെ സമീപിച്ചെങ്കിലും ഇനിയും മറുപടി വന്നിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. റിസർവ് ബാങ്കിന്റെ പ്രതികരണം വൈകിയാൽ ബാങ്കുകളുടെ യോഗം വിളിച്ച് പരിഹാരം കാണാനാണ് സർക്കാർ ശ്രമം.

click me!