എല്ലാ സമ്പാദ്യവും അവിടെ കൊണ്ടിട്ടു, ഇപ്പോ ഒന്നുമില്ല,മക്കളുടെ ചികിൽസ മുടങ്ങി; കരുവന്നൂർ ബാങ്കിനെതിരെ കൂടുതൽപേർ

Published : Jul 28, 2022, 03:26 PM ISTUpdated : Jul 28, 2022, 03:40 PM IST
എല്ലാ സമ്പാദ്യവും അവിടെ കൊണ്ടിട്ടു, ഇപ്പോ ഒന്നുമില്ല,മക്കളുടെ ചികിൽസ മുടങ്ങി; കരുവന്നൂർ ബാങ്കിനെതിരെ കൂടുതൽപേർ

Synopsis

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തിരികെ കിട്ടുന്നില്ലെന്നാണ് പരാതി. ചികിൽസക്കുള്ള പണത്തിനായി പലവട്ടം ബാങ്കിനെ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നാണ് പരാതി

തൃശൂർ: കരുവന്നൂർ ബാങ്കിന്‍റെ (karuvannoor bank)നിക്ഷേപ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ രംഗത്ത്(complaints). നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തിരികെ കിട്ടുന്നില്ലെന്നാണ് പരാതി. ചികിൽസക്കുള്ള പണത്തിനായി പലവട്ടം ബാങ്കിനെ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നാണ് പരാതി.

മാപ്രാണം തെങ്ങോലപ്പറമ്പിൽ ജോസഫിനും കുടുംബത്തിനും പറയാനുള്ളത്

രണ്ട് മക്കളുണ്ട്. ജന്മനാ അസുഖം ഉള്ളവർ. മക്കൾക്ക് സെറിബ്രൽ പാൾസിയാണ് . ഇവരുടെ ചികിൽസക്കായാണ് പണം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്.10ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഒരു വർഷമായി ഒരു രൂപ പോലും കിട്ടുന്നില്ല. പലവട്ടം അല്ല മിക്ക ദിവസങ്ങളിലും ബാങ്കിൽ പോകും . ഇപ്പോ ശരിയാക്കാം എന്ന മറുപടി അല്ലാതെ ഒരു രൂപ പോലും കിട്ടിയിട്ടില്ല. രണ്ട് മക്കളുടേയും ചികിൽസയും മരുന്നും വൈകി . ജോസഫിനംു നിരവധി രോഗങ്ങളുണ്ട്. പണമില്ലാത്തതിനാൽ ആ ചികിൽസയും മുടങ്ങിയെന്നും ജോസഫും കുടുംബവും പറയുന്നു. നാലു മാസം കൂടുമ്പോൾ പതിനായിരം മാത്രം കിട്ടുന്നതു കൊണ്ട് എങ്ങനെ ജീവിക്കും എന്ന് ജോസഫിന്‍റെ ഭാര്യ ചോദിക്കുന്നുണ്ട് 

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച്  തിരികെ കിട്ടാത്ത ഫിലോമിന , വിദഗ്ധ ചികിൽസക്ക് പണമില്ലാതെ കഴിഞ്ഞ ദിവസം മരിച്ചു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും  തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. 

30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു. സ്വന്തം പണം ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാർ പട്ടിയെ പോലെ ആട്ടിയോടിച്ചെന്നാണ്  മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പറഞ്ഞത്

ഇതിനിടെ ഫിലോമിനയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി സ്ഥലം എംഎൽഎ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തി

'കരിവന്നൂരിലെ ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നു, മൃതദേഹവുമായുള്ള സമരം രാഷ്ട്രീയം': മന്ത്രി ആർ ബിന്ദു

തൃശൂർ : തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. ഇന്നലെ മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും വിശദീകരിച്ചു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തു വന്നിട്ട് ഒരു വർഷം

കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്‍റെ കുറ്റപത്രം ഒരു വർഷമായിട്ടും സമ‍ർപ്പിച്ചിട്ടില്ല.  

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത് . നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചംപിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. 

ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.  കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുന്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാ‍ഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഇറാനെതിരെയുള്ള ആക്രമണം - യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ