കൊവിഡ് കൂടുതൽ പേരിലേക്ക്, പാലക്കാട് വീണ്ടും അതീവ ജാഗ്രത, വാളയാറിൽ പരിശോധന കടുപ്പിക്കും

By Web TeamFirst Published May 14, 2020, 7:34 AM IST
Highlights

വാളയാറിൽ പാസില്ലാതെയെത്തുന്ന യാത്രക്കാർ കുറഞ്ഞെങ്കിലും റെഡ് സോണുകളിൽ നിന്നടക്കം ആയിരക്കണക്കിന് പേർ ദിവസേന അതിർത്തിയിലെത്തുന്നു. ഇത് കൂടാതെ 2000 ത്തോളം ചരക്ക് വാഹനങ്ങളിലായി 4000 ത്തോളം പേർ വാളയാർ കടന്ന് ജില്ലയിലെത്തുന്നു

പാലക്കാട്: വാളയാർ അതിർത്തി വഴിവന്ന കൂടുതൽ മറുനാടൻ മലയാളികളിൽ രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് വീണ്ടും അതീവ ജാഗ്രതയിൽ. രോഗം പടരുന്നത് തടയാൻ വാളയാറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് പാലക്കാടെത്തിയ നാല് പേരാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കൊവിഡ് മുക്തമായ പാലക്കാട് ജില്ലയിൽ 3 ദിവസം കൊണ്ട് 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലും ചെന്നൈയിൽ നിന്നെത്തിയവർ. മെയ് 6 ന് വാഹനത്തിൽ ഒരുമിച്ചെത്തിയ ശ്രീകൃഷ്ണാപുരം, കടമ്പഴിപ്പുറം സ്വദേശികൾക്കും മെയ് 9 ന് എത്തിയ മലപ്പുറം സ്വദേശിയുമാണ് ചികിത്സയിലുള്ളത്. മെയ് ആറിന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് 5 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ ഒരു മണിക്കൂർ സമയമാണ് വാളയാർ അതിർത്തിയിൽ ഉണ്ടായിരുന്നത്. എന്നാൽ രോഗം സ്ഥിരീകരിച്ച യാത്രാപാസില്ലാതെ വന്ന മലപ്പുറം സ്വദേശി 10 മണിക്കൂറിലേറെ സമയം വാളയാറിൽ തങ്ങി.

വാളയാറിൽ പാസില്ലാതെയെത്തുന്ന യാത്രക്കാർ കുറഞ്ഞെങ്കിലും റെഡ് സോണുകളിൽ നിന്നടക്കം ആയിരക്കണക്കിന് പേർ ദിവസേന അതിർത്തിയിലെത്തുന്നു. ഇത് കൂടാതെ 2000 ത്തോളം ചരക്ക് വാഹനങ്ങളിലായി 4000 ത്തോളം പേർ വാളയാർ കടന്ന് ജില്ലയിലെത്തുന്നു. ഈ സാഹിചര്യത്തിൽ വാളയാർ അതിർത്തിയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. നിലവിൽ 250 പൊലീസുകാരെയാണ് വാളായാറിൽ വിന്യസിച്ചത്.

ചെക്ക് പോസ്റ്റിലെ കൗണ്ടറിലേക്കെത്താൻ ഒരു പാത മാത്രമായാണ് ക്രമീകരിച്ചത്. അതിർത്തി മേഖലയിലെ മറ്റ് ഭാഗങ്ങൾ ഇരുന്പ് വേലി ഉപയോഗിച്ച് അടച്ച് തുടങ്ങി. ഡ്യൂട്ടിയിലുള്ള പോലീസുകാരോടും ആരോഗ്യ പ്രവർത്തകരോടും മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും അണിഞ്ഞിരിക്കണമെന്നും യാത്രക്കാരുമായി സാമൂഹിക അകലം പാലിക്കാനും നിർദ്ദേശം നൽകി. ജില്ലയിൽ 6680 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 

<

click me!