സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; ആകെ മരണം 48 ആയി

By Web TeamFirst Published Jul 22, 2020, 8:54 AM IST
Highlights

കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ. തിങ്കളാഴ്ച്ചയാണ്  കൊവിഡ് സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി ആണ് മരിച്ച രണ്ടാമത്തെയാൾ. കാര്യമായ കൊവിഡ്  ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു. മകളടക്കം 7 ബന്ധുക്കൾ രോഗബാധിതരാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കൊല്ലത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്.  ഇന്നലെ രാവിലെ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകൻ്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

 

click me!