ആറ് മാസത്തിനിടെ പത്ത് തവണ കള്ളക്കടത്ത് നടത്തി? സ്വർണം വിട്ടുകിട്ടാൻ സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു

By Web TeamFirst Published Jul 7, 2020, 1:41 PM IST
Highlights

നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായിൽ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വർണം അയച്ചിരുന്നത്. 

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്തുകേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്നാണ് വിവരം. യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും കസ്റ്റംസ് പരിശോധിക്കുകയാണ്. പിടിച്ചെടുത്ത സ്വർണം തിരിച്ചുകിട്ടാൻ സ്വപ്ന സുരേഷ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു.
  
നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായിൽ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വർണം അയച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ കാ‍ർഗോ എത്തിയതിന്‍റെ പത്ത് എയർവേ ബില്ലുകൾ കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണം കടത്തിയ ബാഗേജ് പിടിച്ചെടുത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും വ്യക്തമായി. 

നയതന്ത്ര ബാഗ് ആണെന്നും പിടിച്ചെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുനടക്കാതെ വന്നതോടെ യുഎഇ കോൺസുലേറ്റിൽ നിന്ന് വിളിയെത്തി. പിന്നാലെ കോൺസുലേറ്റ് അറ്റാഷേ തന്നെ വിമാനത്താവളത്തിലെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയ്ക്കാനുളള ശ്രമവും ഉണ്ടായി. സ്വപ്ന സുരേഷിനെ കേസിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഇതിനിടെ കസ്റ്റംസും രംഗത്തെത്തി

ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. റിമാൻഡിൽ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച്  സ്രവപരിശോധന നടത്തി. കൊവി‍ഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയിൽവാങ്ങാനാണ് കസ്റ്റംസ് തീരുമാനം.

click me!