
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ. കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്.
ഇത്രയും ഇടങ്ങളിൽ വിന്യസിക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ ആരോഗ്യവകുപ്പിന് കീഴിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ളവരേയും ഫൈനൽ ഇയർ മെഡിക്കൽ വിദ്യാത്ഥികളേയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം വിന്യസിക്കാനാണ് സർക്കാർ തീരുമാനം.
ആയൂർവേദ ഡോക്ടർമാർ, ഹോമിയോ ഡോക്ടമാർ, ആയുഷ് ഡോക്ടർമാർ, ദന്തഡോക്ടമാർ എന്നിവരെല്ലാം ഇനി കൊവിഡ് ചികിത്സയ്ക്കായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാവും ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കുക.
മെഡിക്കൽ ഓഫീസർമാർ, ആയുഷ്/ദന്തൽ സർജൻമാർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റുകൾ, വിവിധ മെഡിക്കൽ കോഴ്സുകൾ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികളും ഇനി കൊവിഡ് കെയർ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായി എത്തും.
തിരക്കില്ലാത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒ.പി ചുരുക്കി. അവിടെ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ കോവിഡ് ചികിത്സയ്ക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam