
തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹ സ്പര്‍ശം പദ്ധതിക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. നേരത്തെ പ്രതിമാസം 1000 രൂപയായിരുന്ന ധനസഹായം 2000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
തുടക്കത്തിൽ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തുകയായിരുന്നു.
നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവരോ ആയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
അപേക്ഷ ഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ നിന്നും സാമൂഹ്യ സുരക്ഷാമിഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നല്‍കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam