സ്വപ്നയുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് ജയിൽ വകുപ്പ്; മധ്യമേഖല ജയിൽ ഡിഐജിയും അന്വേഷിക്കും

By Web TeamFirst Published Dec 12, 2020, 12:30 PM IST
Highlights

എറണാകുളം വിയ്യൂർ ജയിലുകളിലും സ്വപ്ന കഴിഞ്ഞിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപിയുടെ നിർദ്ദേശം നല്‍കി.

തിരുവനന്തപുരം: ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ വീണ്ടും അന്വേഷണം നടത്താൻ ജയിൽവകുപ്പ് തീരുമാനം. മധ്യമേഖല ഡിഐജിയോടാണ് അന്വേഷണം നടത്താൻ ജയിൽമേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽ പാർപ്പിച്ചിരിക്കുമ്പോള്‍ സ്വപ്നയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ദക്ഷിണമേഖല ഡിഐജിയുടെ റിപ്പോർട്ട്. വിയ്യൂർ, എറണാകുളം ജയിലുകളിലും സ്വപ്ന കഴിഞ്ഞിരുന്നു. ഈ ജയിലുകളിൽ സ്വപ്നയെ ആരെങ്കിലും സന്ദർശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മധ്യമേഖല ഡിഐജിയോടാണ് ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. 

സ്വപ്നയുടെ ആരോപണത്തിൽ കഴമ്പില്ലെന്നുള്ള ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് ഇന്നലെ കൈമാറിയിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ നൽകിയ രേഖയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയിൽ സ്വപ്ന പരാതിയായി എഴുതി നൽകിയത്. രഹസ്യമൊഴി നൽകിയതിനാൽ ജയിലിൽ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു. എന്നാൽ സ്വപ്ന കോടതിയെ അറിയിച്ച കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. 

click me!