
തിരുവനന്തപുരം: റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാറിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കും. കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെയും ഗതിയെന്നും സതീശൻ പറഞ്ഞു.
തെരുവുനായ്ക്കൾക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ച ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരും. പൊലീസ് കുറ്റവാളികളുടെ കൂടെയാണ്. സിപിഎമ്മിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് നിഖിലിനെ ശുപാർശ നേതാവിന്റെ പേര് മാനേജർ പറയാത്തത്. മാധ്യമങ്ങളോട് പറഞ്ഞതുപോലെ മാനേജർക്ക് പൊലീസിനോട് മറുപടി പറയാൻ പറ്റില്ല. സിപിഎം നേതാവിന്റെ പേര് കെഎസ്‌യു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കും. കെഎസ് യു നേതാവ് അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയിട്ടില്ല. ദേശാഭിമാനിയിൽ മാത്രമാണ് സർട്ടിഫിക്കറ്റ് വന്നത്. ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശാഭിമാനിയിൽ വരുന്ന വ്യാജവാർത്തകൾ എല്ലാവർക്കും അറിയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു രംഗത്തെത്തി. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാൽ ബാബു വിശദമാക്കി. നിഖിലിന് എതിരെ കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam