കേരള പൊലീസ് 'പറന്ന് പൊടിച്ചത്' കോടികള്‍; ഒരു വര്‍ഷത്തെ ഹെലികോപ്ടര്‍ വാടക 22 കോടിയിലധികം

By Web TeamFirst Published Sep 15, 2021, 11:13 AM IST
Highlights

 മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിൻറെ ഉപയോഗം നടന്നില്ല. 

തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്ടറിന്‍റെ വാടകയിനത്തിലായി കഴിഞ്ഞ ഒരു വർഷം ചെലവിട്ടത് 22 കോടിയിലധികം.  എന്നാല്‍ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്നുമുള്ള ചോദ്യങ്ങളോട് കൈ മലര്‍ത്തി കേരള പൊലീസ്.  വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ്  ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്. എന്നാല്‍ ഹെലികോപ്റ്റര്‍ എന്തിനൊക്കെ ഉപയോഗിച്ചെന്ന ചോദ്യത്തിന്  പൊലീസ് ആസ്ഥാനത്ത് നിന്ന് വ്യക്തമായ മറുപടിയില്ല. 

കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിൻറെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്ടര്‍ വാടക ഇനത്തില്‍  ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ്  നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിൻറെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!