
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾ അടക്കം ഭൂരിപക്ഷം കെഎസ്ആര്‍ടിസി (ksrtc) ബസുകളും മുടങ്ങിയതോടെ സംസ്ഥാനത്ത് ജനം യാത്രാ ദുരിതത്തിൽ. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത് ഒരു ബസ് മാത്രം. പണിമുടക്കിന് സിഐടിയുവിന്‍റെ പരോക്ഷ പിന്തുണയുണ്ട്.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും പരോക്ഷ പിന്തുണയുണ്ട്. സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam