കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്‍റെ ഓര്‍മ്മകള്‍ക്ക് 21 വയസ്സ്

By Web TeamFirst Published Jul 26, 2020, 9:00 AM IST
Highlights

ദ്രാസിലെ ടൈര്‍ ഹില്‍സ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ 1999 ജൂലൈ 7നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാംജിന് ശത്രുപക്ഷത്തിന്‍റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ജെറി പിന്‍വാങ്ങിയില്ല. ശത്രു ബങ്കറുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത ശേഷമാണ് ആ വീര യോദ്ധാവ് മരണത്തിന് കീഴടങ്ങിയത്.

വെങ്ങാനൂര്‍: കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്‍റെ ഓര്‍മ്മകള്‍ക്ക് 21 വയസ്സ്. കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ അനുസ്മരണ ചടങ്ങുകളില്ല. രാജ്യത്തിനുവേണ്ടി ജീവന‍് വെടിഞ്ഞെങ്കിലും തങ്ങളുടെ മനസ്സില്‍ ജെറി ഇന്നും ജീവിക്കുന്നുവെന്ന് അമ്മയും സഹോദരനും പറയുന്നു.

ദ്രാസിലെ ടൈര്‍ ഹില്‍സ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ 1999 ജൂലൈ 7നാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാംജിന് ശത്രുപക്ഷത്തിന്‍റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ജെറി പിന്‍വാങ്ങിയില്ല. ശത്രു ബങ്കറുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത ശേഷമാണ് ആ വീര യോദ്ധാവ് മരണത്തിന് കീഴടങ്ങിയത്. ദേശീയ പതാകയില്‍ പൊതിഞ്ഞ ഭൗതിക ശരീരം, നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് വെങ്ങാനൂരിലെ വീട്ടിലെത്തിച്ചത്. വെടിയേറ്റ് തകര്‍ന്ന ശരീരഭാഗങ്ങള്‍ മാത്രമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അടച്ച പെട്ടിയില്‍ അന്ത്യചുംബനം നല്‍കാന്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞത്.

 

വെങ്ങാനൂരിലെ രത്നരാജിന്‍റേയും ചെല്ലത്തായിയുടേയും രണ്ടാമത്തെ മകനായിരുന്നു ജെറി പ്രേംരാജ്. ബിരുദം ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ വ്യോമസേനയില്‍ ജോലി കിട്ടി. പ്രവൈറ്റായി പഠിച്ച് ബിരുദം നേടി. ആറുവര്‍ഷത്തെ സര്‍വ്വീസിന് ശേഷം കരസേനയില്‍ ഓഫീസറായി.1999 ഏപ്രില്‍ 29ന് വിവാഹിതനായി. മധുവിധു ആഘോഷത്തിനിടെയാണ് ജൂണ്‍ 20ന് യുദ്ധഭൂമിയിലേക്കെത്താന്‍ വിളി വന്നത്.

കഴിഞ്ഞ 2 പതിറ്റാണ്ടായി എല്ലാ വര്‍ഷവും കാര്‍ഗീല്‍ വിജയദിവസിനും, ജെറിയുടെ വീരമൃത്യു ദിനത്തിലും വെങ്ങാനൂരിലെ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ നിരവധി പേരെത്താറുണ്ട്. എന്നാല്‍ ഇത്തവണ കൊറോണ ഭീതിയും ലോക്ഡൗണും മൂലം അനുസ്മരണ ചടങ്ങുകള്‍ക്കെത്താന്‍ പലര്‍ക്കും കഴിയില്ല. ക്യാപ്റ്റന്‍ ജെറി പ്രേംരാജിന് വീര്‍ ചക്ര ബഹുമതി നല്‍കിയാണ് രാജ്യം ആദരിച്ചത്. ദേശസ്നേഹികളുടെ മനസ്സില്‍ ക്യാപ്റ്റന്‍ ജെറി പ്രേംരാജ് എന്നും ജീവിക്കും.
 

click me!