
ഇടുക്കി: ഇടുക്കി പണിക്കൻ കുടിയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയത് മാനസിക അസ്വാസ്ഥ്യം മൂലമാണെന്ന് പ്രാഥമിക നിഗമനം. പണിക്കൻകുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്‍റെ ഭാര്യ രഞ്ജിനി, നാലുവയസ്സുള്ള മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പണികഴിഞ്ഞ് ഷാലറ്റ് വീട്ടിലെത്തിയപ്പോഴാണ് മകൻ ആദിത്യനെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലും ഭാര്യ രഞ്ജിനിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണ്. രഞ്ജിനിക്ക് അസുഖവുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിക്കുന്നതിനാൽ മാനസികമായി ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മുൻപ് ഇതിനും മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രഞ്ജിനിയെ വീണ്ടും നാളെ ഡോക്ടറെ കാണിക്കാൻ ഇരിക്കുകയായിരുന്നുവെന്ന് ഭർത്താവ് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു മുൻപ് രഞ്ജിനി ഭർത്താവ് ഷാലറ്റിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതിനാൽ രഞ്ജിനിയുടെ മാനസിക പ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സംഭവത്തിൽ നിലവിൽ ദുരൂഹതകളൊന്നുമില്ലെന്നും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും വെളളത്തൂവൽ എസ് എച്ച് ഒ അജിത് കുമാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam