ആലപ്പുഴയിലെ പിഞ്ചുകുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെ; അമ്മയടക്കം രണ്ട് പേര്‍ കസ്റ്റഡിയിൽ

By Web TeamFirst Published Apr 28, 2019, 2:32 PM IST
Highlights

കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് അച്ഛന്‍റെ അമ്മ പൊലീസിന് മൊഴി നൽകി. 

ആലപ്പുഴ: പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് പൊലീസിന്‍റെ സംശയം. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അച്ഛനെയും അച്ഛൻ്റെ അച്ഛനെയും ചോദ്യം ചെയ്യുന്നുണ്ട്.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്‍റെ അച്ഛന്‍. 

എന്നാൽ ഇതിന് കടകവിരുദ്ധമായ മൊഴിയാണ് കുട്ടിയുടെ അച്ഛന്‍റെ അമ്മയുടേത്. 

കുട്ടിയുടെ അച്ഛന്‍റെ അമ്മയുടെ മൊഴി ഇങ്ങനെ...

കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ്റെ അമ്മ പൊലീസിന് മൊഴി നല്‍കി. മകൻ്റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. രണ്ടുമാസം മുമ്പ് കുട്ടിയെ മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയിരുന്നു. 

വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുട്ടിയുടെ അമ്മ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്‍റെ ശ്വാസം നിലച്ച് പോയതെന്നും കുട്ടിയുടെ അച്ഛൻ്റെ അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ആരോഗ്യവതിയായിരുന്നു എന്നും അസുഖമൊന്നും ഇല്ലായിരുന്നു എന്നും ഇവർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

സംഭവം ഇങ്ങനെ...

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. പട്ടണക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പട്ടണക്കാട് പൊലീസ് കുട്ടിയുടെ വീടിന്‍റെ പരിസരത്തും വിശദമായ അന്വേഷണം നടത്തി. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

click me!