Latest Videos

'പത്തിരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ കൊണ്ടുനടന്ന മോളാ'; ഇത് പെൺകുട്ടികള്‍ക്ക് വേണ്ടിയുള്ള വിധി

By Web TeamFirst Published May 10, 2024, 4:32 PM IST
Highlights

മകളെ ഇല്ലാതാക്കിയവന് പരമാവധി ശിക്ഷ  തന്നെ നല്‍കണമെന്നാണ് വിഷ്ണുപ്രിയയുടെ അമ്മ പറയുന്നത്. പത്തിരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ നോക്കിയ മോളാണ് എന്ന് പറയുമ്പോള്‍ ആ അമ്മ വിതുമ്പുന്നത് കാണാം

കണ്ണൂര്‍: പാനൂരില്‍ പ്രണയപ്പകയുടെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതിയത് ഇന്നാണ്. ഇതിന് പിന്നാലെ വിഷ്ണുപ്രിയയുടെ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വീണ്ടും ഉയര്‍ന്നു. 

പ്രണയം നിരസിച്ചു, സൗഹൃദം നിരസിച്ചു, അല്ലെങ്കില്‍ വിവാഹാലോചന നിരസിച്ചു, പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി എന്നിങ്ങനെയുള്ള കാരണങ്ങള്‍ക്ക് പെൺകുട്ടികളെ ക്രൂരമായി ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതയെ ശക്തമായി ചെറുക്കുന്നതാണ് കേസില്‍ കോടതിയുടെ ശബ്ദമെന്നാണ് ഏവരുടെയും വിലയിരുത്തല്‍.

ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുമ്പോള്‍ അത് എല്ലാ പെൺകുട്ടികള്‍ക്കും വേണ്ടിയുള്ള വിധിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തിങ്കളാഴ്ചയാണ് ശ്യാംജിത്തിനുള്ളി ശിക്ഷാ വിധി വരുന്നത്. 

മകളെ ഇല്ലാതാക്കിയവന് പരമാവധി ശിക്ഷ  തന്നെ നല്‍കണമെന്നാണ് വിഷ്ണുപ്രിയയുടെ അമ്മ പറയുന്നത്. പത്തിരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ നോക്കിയ മോളാണ് എന്ന് പറയുമ്പോള്‍ ആ അമ്മ വിതുമ്പുന്നത് കാണാം. ഇനിയൊരു പെൺകുട്ടിക്ക് ഇങ്ങനെയൊരു ഗതി വരരുതെന്നും വേദനയോടെ അവര്‍ പറയുന്നു. ഒരു അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഈയൊരു അവസ്ഥയുണ്ടാകരുതെന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിപിനയും പ്രതികരിച്ചു. 

വീഡിയോ...

 

2022 ഒക്ടോബര്‍ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണ സംഭവം നടക്കുന്നത്. വീട്ടിലുള്ള മറ്റുള്ളവരെല്ലാം ഒരു ബന്ധുവിന്‍റെ മരണവീട്ടിലായിരുന്നു. വിഷ്ണുപ്രിയ അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് രാവിലെ കുളിച്ച് വേഷം മാറുന്നതിനായി എത്തിയതായിരുന്നു. ഇതിനിടെ വിഷ്ണുപ്രിയ തന്‍റെ ആൺസുഹൃത്തിനെ ഫോണില്‍ വീഡിയോ കോള്‍ ചെയ്തു. ഈ സമയത്താണ് വീട്ടിനകത്തേക്ക് ശ്യാംജിത്ത് കയറിവരുന്നത്. 

കിടപ്പുമുറിയില്‍ തന്നെ ഇട്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും കഴുത്തറുക്കുകയും പല തവണ ദേഹത്ത് കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്യുകയായിരുന്നു. വൈകാതെ തന്നെ മരണം സംഭവിച്ച വിഷ്ണുപ്രിയയുടെ ശരീരത്തില്‍ മരണത്തിന് ശേഷവും പ്രതി പത്ത് തവണയോളം കത്തി കുത്തിയിറക്കിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 25 ലധികം മുറിവുകളാണ് ആകെ ശരീരത്തിലുണ്ടായിരുന്നത്. അത്രമാത്രം ദാരുണമായ കൊലപാതകം. കേരളം ആകെയും നടുങ്ങിവിറച്ചുപോയ കൊലപാതകം. ഇനി ശിക്ഷാവിധിക്കുള്ള കാത്തിരിപ്പാണ് ബാക്കി. 

Also Read:- അനാഥനായി മടങ്ങേണ്ടി വന്നില്ല സലീമിന്, അന്ത്യയാത്രയില്‍ മാലാഖയെ പോലെ കൂടെ നിന്നു സുരഭി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!